കൊച്ചി: പുതിയ അദ്ധ്യയന വർഷത്തിന് പ്രവേശനോത്സവത്തോടെ ഇന്നു തുടക്കം. ഒന്നാം ക്ലാസിലെത്തുന്നത് 2,44,646 കുട്ടികൾ. പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെ ആകെ 39,94,944 വിദ്യാർത്ഥികൾ. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് എറണാകുളം എളമക്കര ഗവ. ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
സ്കൂൾ സൗകര്യങ്ങളും പഠനനിലവാരവും വർദ്ധിപ്പിക്കാൻ വിവിധ പരിപാടികൾ നടപ്പാക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പാഠപുസ്തകമടക്കം വിതരണം പൂർത്തിയായി. എൽ.പി, യു.പി സ്കൂളുകളിലെ ഒമ്പതു ലക്ഷം വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോമിന്റെ വിതരണവും അന്തിമഘട്ടത്തിലാണ്. കമ്പ്യൂട്ടർ സംവിധാനങ്ങളുടെ സഹായത്തോടെ അദ്ധ്യാപകർക്ക് പരിശീലനം നൽകിയ ആദ്യ സംസ്ഥാനമാണ് കേരളം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) പരിശീലനം 80,000 ഹൈസ്കൂൾ, ഹയർ സെക്കൻഡറി അദ്ധ്യാപകർക്ക് നൽകി.