തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനെതിരെ കേരളത്തിന് ആവേശകരമായ ജയം. കേരളം ഉയർത്തിയ 449 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്ന ബംഗാൾ 339 റൺസിനു പുറത്തായി. രണ്ട് ഇന്നിംഗ്സിലുമായി 13 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയുടെ പ്രകടനമാണ് കേരളത്തിന്റെ വിജയത്തിൽ നിർണായകമായത്.
ആദ്യ ഇന്നിംഗ്സില്‍ ഒമ്പത് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേന രണ്ടാം ഇന്നിംഗ്സിൽ 104 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തി. ശ്രേയസ് ഗോപാലും ബേസിൽ തമ്പിയും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ഒരറ്റത്ത് വിക്കറ്റ് വീണുകൊണ്ടിരിക്കുമ്പോഴും അവസാനം വരെ പൊരുതിയ ഷഹബാസ് അഹമ്മദിന്റെ (80) അർധസെഞ്ചുറി കരുത്തിലാണ് ബംഗാള്‍ സ്കോര്‍ 300 കടന്നത്. അഭിമന്യു ഈശ്വരന് (65), കരണ്‍ ലാല്‍ (40), നായകൻ മനോജ് തിവാരി (35), സുദീപ് കുമാര്‍ ഖരാമി (31), അഭിഷേക് പോറല്‍ (28), അന്‍സ്തുപ് മജുംദാര്‍ (16) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. മൂന്നാംദിനം 183 റണ്‍സിന്റെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തിരുന്നു