ന്യൂഡൽഹി: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് 119 റണ്‍സിന്റെ കൂറ്റൻ ജയം. ആദ്യം ബാറ്റ് ചെയ്ത കേരളം ഉയർത്തിയ 232 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ത്രിപുര 27.1 ഓവറില്‍ 112 റണ്‍സിന് പുറത്തായി.46 റണ്‍സെടുത്ത രജത് ദേയാണ് ത്രിപുരയുടെ ടോപ് സ്കോറര്‍. ത്രിപുര നിരയിൽ മൂന്ന് പേര് മാത്രമാണ് രണ്ടക്കം കടന്നത്.മൂന്നാം ജയത്തോടെ ഗ്രൂപ്പ് എയില്‍ ത്രിപുരയെ മറികടന്ന് കേരളം രണ്ടാം സ്ഥാനത്തേക്ക് കയറി. മുംബൈയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
കേരളത്തിനായി അഖില്‍ സ്കറിയ 11 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും അഖിന് സത്താര്‍ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വൈശാഖ് ചന്ദ്രന് 14 റണ്‍സിന് രണ്ടും വിക്കറ്റും വീഴ്ത്തി.നേരത്തെ, ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ മുഹമ്മദ് അസ്ഹറുദ്ദീനും രോഹന് കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് 95 റണ്‍സിന്റെ കൂട്ടുകെട്ടാണുയർത്തിയത്.
ഇരുപതാമോവറിൽ രോഹൻ കുന്നമ്മേൽ പുറത്തായി. പിന്നാലെ സ്കോര്‍ 122ല്‍ നില്‍ക്കേ അസ്ഹറുദ്ദീനും പുറത്തായതോടെ കേരളത്തിന്റെ തകർച്ച ആരംഭിച്ചു. ഒരു റണ്ണുമായി നായകൻ സഞ്ജു സാംസൺ മടങ്ങി. പിന്നാലെ സച്ചിന് ബേബിയും(14), വിഷ്ണു വിനോദും(രണ്ട്) നിരാശപ്പെടുത്തി മടങ്ങിയതോടെ കേരളത്തിന്റെ നില പരുങ്ങലിലായി.
അഞ്ചിന് 131 എന്ന നിലയിൽ കൂപ്പുകുത്തിയ കേരളത്തെ അഖില്‍ സ്കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കരകയറ്റിയത്. ഇരുവരും പുറത്തായശേഷം ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് സ്കോർ 200 കടത്തി.ത്രിപുരയ്ക്കായി അഭിജിത് സര്‍ക്കാരും ബിക്രംജിത് ദേബ്നാഥും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.