രാജ്കോട്ട്: കൃഷ്ണപ്രസാദിന്റെയും രോഹിൻ കുന്നുമ്മലിന്റെയും സെഞ്ച്വറികളുടെ കരുത്തിൽ കേരളത്തിനു മികച്ച സ്കോർ. രാജ്കോട്ടിൽ നടക്കുന്ന പ്രിലിമിനറി ക്വാർട്ടർ ഫൈനലിലാണ് മഹാരാഷ്ട്രയ്ക്കെതിരെ കേരളം 383 എന്ന കൂറ്റൻ സ്കോറുയർത്തിയത്. കൃഷ്ണപ്രസാദ് 144ഉം രോഹൻ 120 റൺസുമാണ് അടിച്ചെടുത്തത്.
ഓപണിങ് കൂട്ടുകെട്ട് ഉയർത്തിയ മികച്ച കൂട്ടുകെട്ടാണ് കേരള ഇന്നിങ്സിന് കരുത്തായത്. കരുതലോടെ തുടങ്ങിയ ഇരുവരും അർധശതകം കടന്നതിനു പിന്നാലെ കത്തിക്കയറുകയായിരുന്നു. ഓപണിങ് കൂട്ടുകെട്ടിൽ 218 റൺസാണ് ഇരുവരും ചേർന്നു പടുത്തുയർത്തിയത്. സ്കോർബോർഡിൽ 200 റൺസും കൂട്ടിച്ചേർത്ത ശേഷമാണ് സഖ്യം പിരിഞ്ഞത്. ഇതിനിടയിൽ രോഹൻ സെഞ്ച്വറി പിന്നിട്ടിരുന്നു.
ഒടുവിൽ 35-ാം ഓവറിൽ അസീം കാസ്മിയാണു കൂട്ടുകെട്ട് പിരിച്ച് മഹാരാഷ്ട്രയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചത്. കേദാർ ജാദവിന്റെയും സംഘത്തിന്റെയും ശ്വാസം നേരെ വീഴുമ്പോൾ 95 പന്തിൽ 120 റൺസ് അടിച്ചുകൂട്ടിയിരുന്നു രോഹൻ. 18 ബൗണ്ടറിയും ഒരു സിക്സറും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട് ഇന്നിങ്സ്.
തുടർന്ന് മൂന്നാം നമ്പറിൽ ഇറങ്ങിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ ലക്ഷ്യം വ്യക്തമായിരുന്നു. കൂറ്റനടികളിലൂടെ സ്കോർവേഗം കൂട്ടുക. നാല് ഫോറുകളുമായി സഞ്ജു കത്തിക്കയറിയെങ്കിലും രാമകൃഷ്ണ ഘോഷ് ഇന്ത്യൻ താരത്തിന്റെ പ്രതിരോധം തകർത്തു. 25 പന്തിൽ 29 റൺസെടുത്ത് ബൗൾഡായാണ് താരത്തിന്റെ മടക്കം. തൊട്ടടുത്ത ഓവറിൽ മറ്റൊരു സെഞ്ച്വറിക്കാരന് കൃഷ്ണപ്രസാദും കീഴടങ്ങി. പ്രദീപ് ധാഡെയുടെ പന്തിൽ പകരക്കാരൻ റുഷഭ് പിടിച്ചു പുറത്താകുമ്പോൾ 137 പന്തിൽ 144 റൺസെടുത്തിരുന്നു കൃഷ്ണപ്രസാദ്. 13 ഫോറും നാല് സിക്സറും ഇന്നിങ്സിനു മിഴിവേകി.
ഇവർ നൽകിയ മികച്ച അടിത്തറയിൽ അവസാന ഓവറുകളിൽ ആക്രമിച്ചു കളിക്കുകയായിരുന്നു പിന്നീടെത്തിയ വിഷ്ണു വിനോദും അബ്ദുൽ ബാസിത്തും. 40 ഓവറിനുശേഷം ഇവർ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണു കേരളത്തെ കൂറ്റൻ സ്കോറിലേക്കു നയിച്ചത്. 49-ാം ഒാവറിൽ മനോജ് ഇംഗാലെയുടെ പന്തിൽ സിക്സർ പറത്താനുള്ള വിഷ്ണുവിന്റെ നീക്കം ലോങ് ഓണിൽ കേദാർ ജാദവിന്റെ കൈയിലൊതുങ്ങി. 23 പന്തിൽ 43 റൺസെടുത്താണ് താരം മടങ്ങിയത്. അബ്ദുൽ ബാസിത്ത് 18 പന്തിൽ 35 റൺസെടുത്തു പുറത്താകാതെ നിന്നു.