തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന എഴുത്തു പരീക്ഷകളിൽ ഓരോ ഉദ്യോഗാർത്ഥിക്കും ലഭിച്ച മാർക്ക് അർഹതാ പട്ടിക പ്രസിദ്ധീകരിക്കുന്നതിനൊപ്പം അവരുടെ പ്രൊഫൈലിൽ ലഭ്യമാക്കും. ലിസ്റ്റിൽ വരാത്തവർ അടക്കം പരീക്ഷ എഴുതിയ എല്ലാവർക്കും സ്വന്തം മാർക്ക് അറിയാൻ കഴിയും.
നിലവിൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോൾ മാത്രമേ മാർക്ക് അറിയിക്കാറുള്ളൂ. ചില ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാൻ വളരെ കാലതാമസം വരാറുണ്ട്. അതുവരെ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാകും. ജാേലി സാദ്ധ്യതയും സ്വയം വിലയിരുത്താൻ കഴിയും. ഇന്നലെ ചേർന്ന പി.എസ്.സി യോഗമാണ് ഈ തീരുമാനമെടുത്തത്.
സ്റ്റാഡേർഡൈസേഷന് ശേഷമുള്ള മാർക്കാണ് പ്രൊഫൈലിൽ ലഭ്യമാക്കുക. വെബ്സൈറ്റിൽ ലഭ്യമാക്കുന്ന സ്റ്റാൻഡേർഡൈസേഷൻ റിപ്പോർട്ടിലെ ഓരോ ഘട്ടത്തിലെയും ഫാക്ടർ പരിശോധിച്ചാൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ യഥാർത്ഥ മാർക്ക് മനസിലാക്കാൻ കഴിയും. ഏപ്രിൽ, മേയ് മാസങ്ങളിൽ നടന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികളുടെ സ്റ്റാൻഡേർഡൈസേഷന്‍ ശേഷമുള്ള മാർക്ക് 27 മുതൽ പ്രൊഫൈലിൽ ലഭ്യമാക്കാനാണ് തീരുമാനം.