കൊച്ചി: കളിക്കുന്നതിനിടെ ഫുട്ബോൾ വാഹനത്തിൽ തട്ടിയെന്നു പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി. നെട്ടൂർ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിനു സമീപമുള്ള ഗ്രൗണ്ടിൽ കളിച്ച കുട്ടികളുടെ ഫുട്ബോൾ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കുതർക്കത്തിന്റെ വീഡിയോയും പുറത്തു വന്നു.
വെള്ളിയാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നത്. വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഗ്രൗണ്ടിൽ കുട്ടികൾ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികൾ വ്യക്തമാക്കുന്നു. എന്നാൽ പൊലീസ് അതിനു തയ്യാറായില്ല.
അതിനിടെ പന്ത് പൊലീസ് വാഹനത്തിൽ കൊണ്ടു. ഇതോടെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയർത്തു. പിന്നാലെ ഫുട്ബോൾ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ കുട്ടികൾ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം.
അതേസമയം ഗ്രൗണ്ടിലുണ്ടായിരുന്ന പഴയ ലഹരിക്കേസ് പ്രതിയാണ് മനപൂർവം പന്ത് വാഹനത്തിലേക്ക് അടിച്ചതെന്നു പൊലീസ് പറയുന്നു. കുട്ടികൾ ഫുട്ബോൾ കളിക്കുന്നതിനു പൊലീസ് എതിരല്ല. സ്റ്റേഷനിൽ വന്ന് കുട്ടികൾക്ക് എപ്പോൾ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് വ്യക്തമാക്കി.