തിരുവനന്തപുരം : ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ കൈക്കൂലി ആരോപണത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. പ്രതിപക്ഷത്തെയും മാധ്യമങ്ങളെയും പഴിയ്ക്കുന്ന അങ്ങയുടെ തൊലിക്കട്ടിക്ക് മുന്നില്‍ നല്ല നമസ്ക്കാരം. ഉള്ളത് പറയുമ്പോള്‍ മുഖ്യമന്ത്രീ നിങ്ങള്‍ക്ക് തന്നെയാണ് തുള്ളല്‍ എന്നും അദ്ദേഹം പരിഹസിച്ചു.
വായില്‍ തോന്നുന്നതെന്തും വിളിച്ചുപറയാന്‍, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തല്ല മുഖ്യമന്ത്രിക്കസേരയിലാണ് ഇരിക്കുന്നതെന്ന് പിണറായി വിജയന് ഓര്‍ക്കണം. മന്ത്രിയുടെ ഓഫീസിനെതിരായ ആരോപണത്തില്‍ ആരെയൊക്കെയാണ് നിങ്ങളുടെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രിക്ക് അറിയുമോ? അറസ്റ്റിലായ അഖില്‍ സജീവും ബാസിതും നിങ്ങളുടെ പാളയത്തില്‍ തന്നെയുള്ള ക്രിമിനലുകളല്ലേയെന്നും സതീശന് ചോദിച്ചു. ഇരിക്കുന്ന സ്ഥാനത്തിന്റെ വിലകളയുന്ന തരത്തില്‍ ആവര്‍ത്തിച്ച് പച്ചക്കള്ളം വിളിച്ചുപറയുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന് അധഃപതിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
നിരപരാധിയാണെങ്കില്‍ അന്ന് തന്നെ മന്ത്രിയുടെ പി എ ഇതിനെതിരെ പരാതി നല്‍കാതിരുന്നത് എന്തുകൊണ്ടാണ്. എല്ലാം മൂടിവെച്ച് അന്വേഷണം വഴിതിരിച്ച് വിട്ടെന്നു വേണം കരുതാന്‍. ബാസിത് ആണ് തട്ടിപ്പിന് പിന്നിലെങ്കില്‍ അയാള്‍ തന്നെ പി.എയ്ക്ക് എതിരെ മന്ത്രി ഓഫീസില്‍ പരാതി നല്കാന് തയാറുമോയെന്ന സംശയം അരിയാഹാരം കഴിക്കുന്ന ആര്‍ക്കുമുണ്ടാകാം. ഒരു കള്ളം പറഞ്ഞാല്‍ അതിനെ മറയ്ക്കാന്‍ പല കള്ളങ്ങള്‍ വേണ്ടി വരുമെന്നാണല്ലോ എന്നും വി ഡി സതീശന് പറഞ്ഞു.