തിരുവനന്തപുരം: പൂരം കലക്കൽ, എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം, പി.വി.അൻവറിന്റെ വെളിപ്പെടുത്തൽ.. നാളെ തുടങ്ങുന്ന പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രക്ഷുബ്ധമാകാൻ വിഷയങ്ങളേറെ. ഇവയടക്കം ഉന്നയിച്ച് ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കാൻ പ്രതിപക്ഷം. എൽ.ഡി.എഫിനുള്ളിലെ രാഷ്ട്രീയപ്പോരുകൾക്ക് ഇടയിലാണ് സഭാ സമ്മേളനം നാളെ തുടങ്ങുന്നത്.
വയനാട് ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ചരമോപചാരം അർപ്പിച്ച് നാളെ സഭ പിരിയും.തുടർന്ന് ഏഴുമുതൽ 18വരെ ആകെ എട്ടു ദിവസങ്ങളിലാവും സഭ ചേരുക. 7 മുതൽ 11വരെ തുടർച്ചയായി ചേരും. 12 മുതൽ 15വരെ അവധി. 16,17, 18 തീയതികളിൽ സഭയുണ്ടാകും. സഭയിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 8.30ന് യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗം ചേരുന്നുണ്ട്.
പി.വി.അൻവറുമായുള്ള ബന്ധം സി.പി.എം അവസാനിപ്പിച്ചതോടെ സഭയിൽ അദ്ദേഹത്തിന്റെ സീറ്റ് മാറ്റവും ഉണ്ടായേക്കും. ഇടതുപക്ഷനിരയിൽ നിന്ന് അൻവറിന്റെ സീറ്ര് മാറ്റണമെന്ന് കാട്ടി എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡറോ അൻവറോ സ്പീക്കർക്ക് കത്തു നൽകണം. രണ്ടു ഭാഗത്തു നിന്നും ഇന്നലെവരെ കത്ത് നൽകിയിട്ടില്ല. മാറ്റുകയാണെങ്കിൽ ഭരണപക്ഷത്തിന്റെയോ പ്രതിപക്ഷത്തിന്റെയോ നിര അവസാനിക്കുന്ന ഭാഗത്താകും (നോ മാൻസ് ലാൻഡ്) സീറ്റ് അനുവദിക്കുക.
എട്ടു ബില്ലുകൾ പരിഗണിക്കും
2023ലെ കേരള പൊതുമേഖല ബിൽ, കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി ഭേദഗതി ബിൽ, 2023ലെ കേരള കന്നുകാലി പ്രജനനബിൽ, കേരള പബ്ളിക് സർവീസ് കമ്മിഷൻ ഭേദഗതി ബിൽ, കേരള ജനറൽ സെയിൽസ് ടാക്സ് ഭേദഗതി ബിൽ, 2024ലെ പ്രവാസി കേരളീയരുടെ ക്ഷേമഭേദഗതി ബിൽ, പേമെന്റ് ഒഫ് സാലറീസ് ആൻഡ് അലവൻസസ് ഭേദഗതി ബിൽ തുടങ്ങിയവ പരിഗണിക്കും. ഉപധനാഭ്യർത്ഥനകൾക്കായി ഒരു ദിവസം മാറ്റിവച്ചേക്കും.