ന്യൂഡൽഹി : തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചതോടെ ഇനി വോട്ടെടുപ്പിനായി കേരളത്തിന് 40 ദിനം കാത്തിരിക്കണം. ഏപ്രിൽ 26 നു രണ്ടാം ഘട്ട തെരഞ്ഞെടുപ്പിനൊപ്പമാണ് കേരളം പോളിംഗ് ബൂത്തിലേക്ക് പോകുക. ഫലമറിയാൻ ജൂൺ 4 വരെ കാത്തിരിക്കണമെന്നതിനാൽ വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായും കേരളം 39 ദിവസം കാത്തിരിക്കേണ്ടി വരും.
തിരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മാർച്ച് 28ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. കേരളം ഉൾപ്പെടെ രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പു നടക്കുന്ന സംസ്ഥാനങ്ങളിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസം ഏപ്രിൽ നാലാണ്. ഏപ്രിൽ അഞ്ചിന് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ എട്ട് ആയിരിക്കും. 2019 ൽ മാർച്ച് പത്തിനാണു തിരഞ്ഞെടുപ്പു പ്രഖ്യാപനം വന്നത്. ഏപ്രിൽ 11 മുതൽ മേയ് 19 വരെ 7 ഘട്ടങ്ങളായിട്ടായിരുന്നു വോട്ടെടുപ്പ്. മേയ് 23നു ഫലം പ്രഖ്യാപിച്ചു. മൂന്നാം ഘട്ടമായ ഏപ്രിൽ 23നായിരുന്നു കേരളത്തിലെ വോട്ടെടുപ്പ്. നിലവിലെ ലോക്സഭയുടെ കാലാവധി ജൂൺ 16ന് അവസാനിക്കും. അതിനുമുൻപ് പുതിയ സർക്കാർ ചുമതലയേൽക്കണം.