ബെംഗളൂരു : കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ കേരളത്തിലെ എൽഡിഎഫ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം ഉൾപ്പെടുത്തിയത് രാഷ്ട്രീയ വിവാദമാകുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും പോസ്റ്ററിലുണ്ട്. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍.മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് കേരളത്തിലെ എൽഡിഎഫ് നേതാക്കളുടെ ചിത്രങ്ങളുള്ളത്.
ജെഡിഎസിന്റെ സേവാദൾ നേതാവ് ബസവരാജാണു പോസ്റ്റർ ഇറക്കിയത്. ദേശീയ തലത്തിൽ എൻഡിഎ സഖ്യത്തിലുള്ള ജെഡിഎസ് കേരളത്തിൽ എൽഡിഎഫ് സഖ്യത്തിലാണ്. ബെംഗളൂരുവിൽ വ്യാഴാഴ്ച റെയിൽവെ ലേ ഔട്ടിൽ നടത്തിയ പരിപാടിയുടെ പോസ്റ്ററിലാണ് കേരളത്തിലെ നേതാക്കളുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്. 2023ലെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് എൻഡിഎ സഖ്യത്തിൽ ജെഡിഎസ് ചേർന്നത്. എൻഡിഎയുടെ ഭാഗമാകാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറഞ്ഞ് ജെഡിഎസ് കേരള ഘടകം രംഗത്തുവന്നിരുന്നു.