തിരുവനന്തപുരം : എക്സാലോജിക്കിനെതിരായ കേന്ദ്ര ഏജൻസി അന്വേഷണത്തിനെതിരെ കോടതികളിൽ ഇന്ന് മൂന്നു കേസുകൾ. കേരളാ കർണാടക ഹൈക്കോടതികളിലായാണ് കേസുകൾ വരുന്നത്. എസ് എഫ് ഐ ഒ അന്വേഷണത്തിനെതിരെ വീണയുടെ കമ്പനിയായ എക്സാലോജിക് നൽകിയ കേസ് കർണാടക ഹൈക്കോടതിയും കെ എസ് ഐ ഡി സിയുടെ കേസ് കേരളാ ഹൈക്കോടതിയുമാണ് പരിഗണിക്കുന്നത്. ഒപ്പം സിഎംആർഎലും എക്സാലോജിക്കുമായുള്ള ഇടപാടുകൾ കൂടി എസ് എഫ് ഐ ഒ അന്വേഷിക്കണമെന്ന ഷോൺ ജോർജിന്റെ പരാതിയും ഇന്ന് കേരളാ ഹൈക്കോടതി പരിഗണിക്കും .
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുമായി ബന്ധപ്പെട്ട് രണ്ട് ഹൈക്കോടതിയിലായി മൂന്ന് കേസുകളാണുളളത്. കമ്പനിക്കെതിരെ നൽകിയതും കേന്ദ്ര ഏജൻസി ഇടപെടലിനെതിരെ കമ്പനി നൽകിയതുമായ കേസുകൾ പരിഗണനയ്ക്ക് എത്തുമ്പോൾ കോടതി പരാമര്‍ശമെന്താകുമെന്നാണ് ആകാംക്ഷയിലാണ് പാർട്ടി. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ എക്സാലോജിക്കിന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതിയാണ് പരിഗണിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചത് എന്ത് വിവരത്തിന് അടിസ്ഥാനമായ രേഖകൾ ലഭ്യമാക്കുന്നതിനൊപ്പം തുടര്‍ നടപടികളിൽ സ്റ്റേയും കേസ് റദ്ദാക്കണമെന്നുമുള്ള ആവശ്യമാണ് വീണ വിജയൻ മുന്നോട്ട് വയ്ക്കുന്നത്.
എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്ജി കുളൂർ അരവിന്ദ് കാമത്ത് ആണ്. കർണാടക ഹൈക്കോടതിയിൽ ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചിൽ ഉച്ചയോടെ കേസ് പരിഗണനയ്ക്ക് വരും. സിഎംആര്‍എല്ലും എക്സാലോജിക്കും തമ്മിലുള്ള ഇടപാടിൽ എസ്എഫ്ഐഒ അന്വേഷണം ആവശ്യപ്പെട്ട ഷോൺ ജോര്‍ജ്ജിന്റെ ഹര്‍ജിയും മാസപ്പടി കേസിൽ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഐഡിസി നൽകിയ ഹര്‍ജിയുമാണ് കേരള ഹൈക്കോടതിയുടെ പരിഗണനക്ക് വരുന്നത്.