തിരുവനന്തപുരം: കേരളം സമ്പൂര്‍ണ സാമ്പത്തിക തകര്‍ച്ചയിലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ധൂര്‍ത്ത് നിര്‍ത്താതെ കേരളം രക്ഷപ്പെടില്ല. നിയമപരമായി കേരളത്തിന് നല്‍കേണ്ട പണം മുഴുവന്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇനിയും പണം ലഭിക്കാനുണ്ടെങ്കില്‍ അത് ചട്ടങ്ങള്‍ പാലിക്കാത്തതു കൊണ്ടാണ്. എന്നാല്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും കഴിഞ്ഞ കുറേ നാളുകളായി നടത്തുന്നതെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
കടക്കെണിയിലായ കര്‍ഷകരെയും കുടുംബശ്രീ പ്രവര്‍ത്തകരായ ആളുകളെയും ക്ഷേമപെന്ഷന് ലഭിക്കേണ്ടവരെയുമൊക്കെ വെല്ലുവിളിച്ചു കൊണ്ട് കേരളീയത്തിന് പിന്നാലെ നവകേരള സദസ്സുമൊക്കെ നടത്തി വീണ്ടും പണം ധൂര്‍ത്തടിക്കാനുള്ള ആസൂത്രണമാണ് കേരള സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആഡംബരത്തെക്കുറിച്ചും ധൂര്‍ത്തിനെക്കുറിച്ചും ചോദിക്കുമ്പോള്‍ കേന്ദ്രം ഞെരുക്കുന്നുവെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിയമാനുസൃതം തരേണ്ട പണം നല്‍കാത്തതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയെന്നാണ് മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത്. എന്നാല്‍ എന്താണ് വസ്തുത. മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മില്‍ പറയുന്നതില്‍ തന്നെ വ്യത്യാസമുണ്ട്. ധനമന്ത്രി പറയുന്നത് 38,000 കോടിയുടെ കണക്കാണ്. മുഖ്യമന്ത്രി പറയുന്നത് 57,400 കോടിയുടെ കാര്യമാണ്. കേന്ദ്രം സാമ്പത്തിക അതിക്രമം നടത്തുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
കേന്ദ്രം കേരളത്തിന് മേല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയെന്നാണ് ധനമന്ത്രി ബാലഗോപാല്‍ ആരോപിച്ചത്. മുഖ്യമന്ത്രിയോട് എനിക്ക് പറയാനുള്ളത് ഇതാണ്. അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അങ്ങ് ഇത്ര മണ്ടനാകരുത്. അല്ലെങ്കില്‍ ഇങ്ങനെ മണ്ടന്‍ കളിച്ച് ജനങ്ങളെ കബളിപ്പിക്കരുത്. രണ്ടും തെറ്റാണ്. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് രാജ്യത്തെ നിയമങ്ങളെക്കുറിച്ച് ധാരണയുണ്ടാകണം.
കേരളത്തിന്റെ മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിന്റെ ധനകാര്യസ്ഥിതിയെക്കുറിച്ച് ധാരണയുണ്ടാകണം. ഈ രാജ്യത്തെ നിയമങ്ങള്‍ അനുശാസിക്കുന്നതെന്തൊക്കെയാണ്. അതു പ്രകാരം കേരളത്തിന് ലഭ്യമാകേണ്ടത് എന്തൊക്കെയാണ്, കേരളത്തിന് കിട്ടാന്‍ ബുദ്ധിമുട്ടുള്ളത് എന്തൊക്കെയാണ്, അതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നതൊക്കെ അറിയണം. മുഖ്യമന്ത്രി 57,000 കോടിയുടെ ഒരു കൊട്ടത്തുകയാണ് പറഞ്ഞിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.