കൊച്ചി: കേരളത്തിലെ ആരാധനാലയങ്ങളിൽ അസമയത്തെ വെടിക്കെട്ടു നിരോധനവുമായി ബന്ധപ്പെട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റീസ് ആശിഷ്. ജെ. ദേശായി, ജസ്റ്റീസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.
ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. ഹര്‍ജിയില്‍ ഉന്നയിക്കാത്ത ആവശ്യങ്ങളിലാണ് സിംഗിള്‍ബെഞ്ച് ഉത്തരവ് നല്‍കിയതെന്നും വെടിക്കെട്ട് പാടില്ലെന്നു പറയുമ്പോള്‍ ഏതു സമയത്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അപ്പീലില്‍ പറയുന്നു.
അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ വിവിധ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നിരുന്നു. ക്ഷേത്രാചാരങ്ങളില്‍ രാത്രിവെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കിയത്.
ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്. 2006ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.