കൊച്ചി: സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടുന്നത് ഹൈക്കോടതി ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്തു. റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തികളുടെ സ്വകാര്യതയെ ലംഘിക്കുന്നതാണെന്നും മൊഴി നൽകിയവരുടെ ജീവനു തന്നെ ഭീഷണിയാകുന്നതും ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ സിനിമ നിർമാതാവ് സജിമോൻ പറയിൽ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.എം.മനോജിന്റെ ഉത്തരവ്.
സംസ്ഥാന സർക്കാർ, സംസ്ഥാന വിവരാവകാശ കമ്മിഷൻ, സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിലെ അപലറ്റ് അതോറിറ്റി എന്നിവർ ഒരാഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ സർക്കാർ പുറത്തുവിടുന്നതിന് തൊട്ടുമുമ്പാണ് ഹൈക്കോടതി സ്റ്റേ ഉണ്ടായിരിക്കുന്നത്. സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലെ വിവരങ്ങൾ ഇന്ന് ഉച്ചയ്ക്കു ശേഷം പുറത്തു വിടാനിരുന്നത്. എന്നാൽ പേരുവിവരങ്ങളുള്ള ഭാഗങ്ങൾ ഒഴിവാക്കിയിട്ടാണ് പ്രസിദ്ധപ്പെടുത്തുന്നത് എങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യത ലംഘിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. കമ്മിഷന് മുമ്പിൽ വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തികളുടെ ജീവനു പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തുവിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ പറയുന്നു.
അതേ സമയം, വ്യക്തികളെ തിരിച്ചറിയുന്നതോ അതിനുള്ള സൂചനകൾ നൽകുന്നതോ ആയുള്ള എല്ലാ വിവരങ്ങളും നീക്കം ചെയ്തിട്ടു മാത്രമാണ് റിപ്പോർട്ട് പുറത്തു വിടുന്നതെന്ന് തങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് വിവരാവകാശ കമ്മിഷൻ വാദിച്ചു. തങ്ങൾക്കെതിരെ ആരോ എന്തോ വെളിപ്പെടുത്തൽ നടത്തിയെന്നും അത് തങ്ങൾക്ക് മോശമാണെന്നുമാണ് ഹർജിക്കാർ പറയുന്നത്. അതോടൊപ്പം, വെളിപ്പെടുത്തൽ നടത്തിയവരെയും സംരക്ഷിക്കണമെന്ന് ഹര്‍ജിക്കാർ പറയുന്നു. ജൂലൈ 5നാണ് റിപ്പോർട്ട് പുറത്തു വിടാൻ കമ്മിഷൻ പറയുന്നത്. എന്നാൽ ജൂലൈ 23 വരെ കോടതിയെ സമീപിക്കാൻ പോലും ഹർജിക്കാരൻ തയാറായില്ല. മനഃപൂർവം റിപ്പോർട്ട് പുറത്തുവരുന്നത് തടയാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മാത്രമല്ല, ഈ കേസിൽ പൊതുതാൽപര്യമില്ല, വ്യക്തിഗത ഹർജിയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.
അതേസമയം, ഹർജിക്കാരൻ കമ്മറ്റി മുമ്പാകെ മൊഴി നൽകുകയോ ഹാജരാവുകയോ ചെയ്തിട്ടില്ല. മൂന്നാംകക്ഷികളുടെ പോലും പേരുവിവരങ്ങൾ പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മിഷൻ നിർദേശിച്ചിട്ടുണ്ടെങ്കിലും ഏതോ ഭയത്തിന്റെ പേരിലാണ് ഹർജിക്കാരൻ റിപ്പോർട്ടിന്റെ പ്രസിദ്ധീകരണം തടയുന്നതെന്നും കമ്മിഷൻ വാദിച്ചു. സർക്കാരും റിപ്പോർട്ട് പുറത്തുവിടുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തുടർന്നാണ് ഒരാഴ്ചത്തേക്ക് റിപ്പോർട്ട് പുറത്തു വിടുന്നത് തടയാനും മറുപടി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി നിർദേശിച്ചത്.