കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകൻ ലിജീഷ് മുല്ലേഴത്ത് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നേരത്തെ ലിജീഷ് നൽകിയ ഹർജി സിംഗിൾ ബെഞ്ചും തള്ളിയിരുന്നു.
സിംഗിൾ ബെഞ്ച് ഉത്തരവിൽ അപാകതയില്ലെന്നും സിനിമയുടെ നിർമാതാവ് എന്തുകൊണ്ട് ഹർജിയുമായി എത്തിയില്ലെന്നും കോടതി ചോദിച്ചു. അവാർഡ് വിവാദത്തിൽ ഇടപെടേണ്ട ആവശ്യകത ഇല്ലെന്നും ഹർജിയിൽ കഴന്പില്ലെന്നും ഡിവിഷൻബെഞ്ച് വ്യക്തമാക്കി.കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ലിജീഷ് സമർപ്പിച്ച ഹർജി സിംഗിൾ ബെഞ്ച് കഴിഞ്ഞദിവസം തളളിയിരുന്നു. സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്താണ് ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്.
താൻ ഉന്നയിച്ച കാര്യങ്ങൾ സിംഗിൾ ബെഞ്ച് യഥാവിധം പരിശോധിച്ചില്ലെന്നും ഈ സാഹചര്യത്തിൽ ഡിവിഷൻ ബെഞ്ച് കൃത്യമായ ഇടപെടൽ നടത്തി ചലച്ചിത്ര അവാർഡ് പ്രഖ്യാപനം സ്റ്റേ ചെയ്യണമെന്നുമായിരുന്നു ഹർജിക്കാരന്റെ ആവശ്യം.സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ സംവിധായകന് വിനയനാണ് ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പുരസ്കാര നിര്‍ണയത്തില്‍ രഞ്ജിത്തിന്റെ ഇടപെടല്‍ ഉണ്ടായിരുന്നുവെന്നാണ് വിനയന് ആരോപിച്ചത്. ഇത് സംബന്ധിച്ച് നേമം പുഷ്പരാജ്, ഗായിക ജെന്‍സി ഗ്രിഗറി എന്നീ ജൂറി അംഗങ്ങളുടെ വെളിപ്പെടുത്തല്‍ അടങ്ങിയ ശബ്ദരേഖ പുറത്തുവിടുകയും ചെയ്തിരുന്നു.