കൊച്ചി : കോട്ടയം തിരുവാര്‍പ്പില്‍ ബസ് ഉടമയെ സിഐടിയു നേതാവ് മര്‍ദിച്ച സംഭവത്തിലെ കോടതിയലക്ഷ്യം ഹൈക്കോടതി തീര്‍പ്പാക്കി. ആക്രമിക്കപ്പെട്ട ബസ് ഉടമ രാജ് മോഹനോടും ഹെെക്കോടതിയോടും സിഐടിയു നേതാവ് കെ.ആര്. അജയന് തുറന്ന കോടതിയില്‍ മാപ്പ് അപേക്ഷിച്ചു.
മാപ്പ് സ്വീകരിക്കരുതെന്ന് രാജ് മോഹന്‍ കോടതിയോട് ആവശ്യപ്പെട്ടു. പക്ഷേ പ്രതിക്ക് തന്റെ തെറ്റ് ബോധ്യമായതിനാല്‍ മാപ്പ് അപേക്ഷ സ്വീകരിക്കുകയാണെന്ന് കോടതി വ്യക്തമാക്കി.
അതേ സമയം, ബസുടമയുമായി ബന്ധപ്പെട്ട് അജയന് ഉള്‍പ്പെടെ ഉള്ളവര്‍ക്കെതിരേ എടുത്തിട്ടുള്ള ക്രിമിനല്‍ കേസുകളില്‍ ഈ വിധി ബാധകമല്ലെന്ന് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. മറ്റു കേസുകളില്‍ നടപടിയുമായി മുന്നോട്ടുനീങ്ങാമെന്ന് കോടതി വ്യക്തമാക്കി.
വെട്ടിക്കുളങ്ങര ബസിലെ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്ന സിഐടിയുവിന്റെ ആവശ്യം ഉടമ രാജ്മോഹന്‍ നിരാകരിച്ചിരുന്നു. തുടര്‍ന്ന് സിഐടിയു ബസിന് മുകളില്‍ കൊടികുത്തി സമരം തുടങ്ങി.
പിന്നീട് പോലീസ് സംരക്ഷണത്തില്‍ ബസ് സര്‍വീസ് നടത്താന്‍ സൗകര്യമൊരുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍പ്രകാരം ബസില്‍ കെട്ടിയ കൊടി അഴിക്കാനെത്തിയ ബസുടമയെ സിപിഎം ജില്ലാ കമ്മിറ്റിയംഗം കൂടിയായ കെ.ആര്. അജയന് മര്‍ദിച്ചതാണ് കേസിനാസ്പദമായ സംഭവം.