തിരുവനന്തപുരം: ഓണം പ്രമാണിച്ച് ഈ മാസം വെള്ള, നീല റേഷൻ കാർഡുടമകൾക്ക് 10 കിലോ അരി വീതം കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭ്യമാക്കും. നീല കാർഡുടമകൾക്ക് അധികവിഹിതമായാണ് അനുവദിക്കുന്നത്. ക്ഷേമസ്ഥാപനങ്ങളിലെ അംഗങ്ങൾക്കുള്ള ബ്രൗൺ കാർഡുകൾക്ക് കിലോയ്ക്ക് 10.90 രൂപ നിരക്കിൽ 2 കിലോ അരി നൽകും.
മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് കാർഡുടമകൾക്കുള്ള സൗജന്യ അരിയുടെ അളവിൽ മാറ്റമില്ല. പുതിയ മാസത്തെ വിതരണത്തിനുള്ള ക്രമീകരണം നടത്താനായി ഇന്നു റേഷൻ കടകൾക്ക് അവധിയായതിനാൽ സെപ്തംബറിലെ വിതരണം നാളെ ആരംഭിക്കും. അതേസമയം, ഓണത്തിന് വിപണി ഇടപെടൽ ശക്തമാക്കുന്നതിന് ധനവകുപ്പ് 225 കോടി അനുവദിച്ചെന്ന് കഴിഞ്ഞ മാസം 16ന് അറിയിച്ചെങ്കിലും ഇതുവരെ സപ്ലൈകോയുടെ അക്കൗണ്ടിൽ ലഭ്യമായിട്ടില്ല. ഇന്നോ നാളെയോ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്.