തിരുവനന്തപുരം: പൊതുവിപണിയിൽ നിന്ന് 2000 കോടി രൂപ കൂടി കടമെടുക്കാൻ സർക്കാർ തീരുമാനിച്ചു. ഈ സാമ്പത്തിക വർഷം അനുവദിച്ച പൊതുവിപണിയിലെ കടപരിധിയിൽ 890 കോടിയാണ് ഡിസംബർ വരെ ഇനി ബാക്കിയാവുക. ഓഗസ്റ്റിലെ ശമ്പള-പെൻഷൻ വിതരണം സുഗമമാക്കൽ ലക്ഷ്യമിട്ടാണ് കടമെടുപ്പ്.
ഓഗസ്റ്റ് ഒന്നിന് കടപ്പത്രത്തിന്റെ ലേലം റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ നടക്കും. ജൂലൈയിൽ പല തവണയായി 6000 കോടിയോളം രൂപ കടമെടുത്തിരുന്നു. ഡിസംബർ വരെ 15,390 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അഞ്ചു മാസം ബാക്കി നിൽക്കെ ഇത് ഏറക്കുറെ എടുത്തു കഴിഞ്ഞു. നടപ്പ് സാമ്പത്തിക വർഷം ആകെ 20,521.33 കോടി പൊതുവിപണിയിൽനിന്ന് കടമെടുക്കാനാണ് കേന്ദ്രാനുമതി. ജനുവരി മുതൽ 5131 കോടി എടുക്കാനാകും.
ഇക്കൊല്ലം കടപരിധിയിൽ വൻ വെട്ടിക്കുറവ് കേന്ദ്രം വരുത്തിയെന്നാണ് സർക്കാറിന്റെ പരാതി. ഇതടക്കം വിഷയങ്ങൾ ഉയർത്തിയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.ഓണത്തിനുള്ള ചെലവുകൾ പൂർത്തിയാക്കാൻ തിരക്കിട്ട ആലോചനകളാണ് ധനവകുപ്പിൽ നടക്കുന്നത്. 700 കോടിയോളം രൂപയാണ് ഇതിനു വേണ്ടത്. ഓണച്ചെലവുകൾക്ക് പിന്നാലെ ശമ്പളവും പെൻഷനും നൽകേണ്ട ബാധ്യതയുമുണ്ട്. അടിയന്തര ചെലവുകൾക്കായി 15,000 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.