തിരുവനന്തപുരം: കേരള സിലബസിന് കീഴിലുള്ള സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ക്ലാസുകൾ നടത്തുന്നതുമായി ബന്ധപ്പെട്ട് വിദ്യാർഥികളിൽ നിന്നും രക്ഷകർത്താക്കളിൽ നിന്നും പരാതി ഉയരുന്നുണ്ട്. ചില സ്കൂളുകൾ ക്ലാസിന് പണം പിരിക്കുന്നതായി പരാതിയുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
സംസ്ഥാനത്ത് ചൂട് കനക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ക്ലാസുകൾ വെക്കുന്നത് ആരോഗ്യപ്രശ്നങ്ങളടക്കം ഉണ്ടാക്കുന്നു. ക്ലാസുകൾ നടത്തരുതെന്ന് നിർദേശമുണ്ടെങ്കിലും ചില സ്കൂളുകൾ ക്ലാസുകളുടെ പേരിൽ രക്ഷിതാക്കളുടെ കൈയിൽ നിന്ന് നിർബന്ധപൂർവം പണം പിരിക്കുന്നുണ്ടെന്നും മന്ത്രി പറയുന്നു.
കേരള സിലബസിന് കീഴിലല്ലാത്ത സ്കൂളുകളിൽ പത്താം ,പ്ലസ്ടു വിദ്യാർഥികൾക്ക് രാവിലെ 7.30 മുതൽ 10.30 വരെ സ്പെഷ്യൽ ക്ലാസുകൾ നടത്താമെന്ന നിർദേശമുണ്ട്.എന്നാൽ ഈ ക്ലാസുകളും കൃത്യമായ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും എല്ലാ വിദ്യാർഥികൾക്കും തുല്യ നീതി ഉറപ്പാക്കണമെന്നും നിർദേശത്തിൽ പറയുന്നു.