തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിന് മന്ത്രിസഭാ തീരുമാനം. ഏത് രൂപത്തില്‍ വേണമെന്നത് അഭിഭാഷകരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.മുതിർന്ന അഭിഭാഷകരുമായി എജി ഇന്ന് ചർച്ച നടത്തുമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു. അഭിഭാഷകരുമായുള്ള ചർച്ചകൾക്കായി എജി ഡൽഹിയിലാണുള്ളത്.
ഭരണഘടനയുടെ 14, 21, 25 എന്നീ അനുച്ഛേദങ്ങളുടെ ലംഘനമാണ് സിഎഎ എന്നും, ചട്ടങ്ങള്‍ രൂപീകരിച്ചു കൊണ്ട് കേന്ദ്രം വിജ്ഞാപനം ഇറക്കിയത് റദ്ദാക്കണമെന്നുമാകും കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക. പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ, സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹർജി നല്‍കിയിരുന്നു. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് ആദ്യം സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാനമാണ് കേരളം. സിഎഎ ചട്ടം മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പ്രത്യേക ഹർജി നൽകുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ മുസ്ലിം ലീഗ് ചൊവ്വാഴ്ച ഹർജി സമർപ്പിച്ചിരുന്നു.