തിരുവനന്തപുരം: കേരളത്തിന് കുറഞ്ഞ നിരക്കില്‍ അരിയും മുളകും ലഭ്യമാക്കാന്‍ തെലങ്കാനയുമായി സംസ്ഥാന സർക്കാർ ധാരണയിലെത്തി. തെലങ്കാന ഭക്ഷ്യമന്ത്രി ഉത്തംകുമാര്‍ റെഡ്ഡിയുമായി മന്ത്രി ജി.ആര്. അനില്‍ ഹൈദരാബാദില്‍ നടത്തിയ ചർച്ചയിലാണ് തീരുമാനം. കേരളത്തിന് ആവശ്യമായ അരി, മുളക് എന്നിവ കുറഞ്ഞ നിരക്കില്‍ തെലങ്കാന ലഭ്യമാക്കുന്നതിലൂടെ കേരളത്തില്‍ അരി വിലയുടെ വര്‍ധനവ് തടയാൻ സാധിക്കുമെന്നും മന്ത്രി അനിൽ പറഞ്ഞു.
സപ്ലൈകോ ഉദ്യോഗസ്ഥരും തെലുങ്കാന ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരും തമ്മില്‍ നടക്കുന്ന ചര്‍ച്ചയിലൂടെ വില സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകും. അരിയുടേയും മുളകിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തിയായിരിക്കും തുടര്‍ നടപടികളെന്നും മന്ത്രി അനില്‍ അറിയിച്ചു. സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡോ. ഡി. സജിത് ബാബു ഐ.എ.എസ്, തെലുങ്കാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ & പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡി.എസ്. ചൗഹാന് ഐ.പി.എസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.