തിരുവനന്തപുരം: മഴപെയ്തില്ലെങ്കിൽ ഓണം കഴിഞ്ഞാൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വരും. നിലവിലെ വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഉന്നതതല സമിതിയോഗത്തിലാണ് പവർകട്ട് ഉൾപ്പെടയുള്ള വിഷയങ്ങൾ പരിഗണിച്ചത്. 21ന് ചീഫ് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ തുടർചർച്ച നടത്തും. ഓണക്കാലം പരിഗണിച്ചാണ് ഉടൻ പവർകട്ട് ഏർപ്പെടുത്തേണ്ടെന്ന് തീരുമാനിച്ചത്.
സർചാർജ് ഉൾപ്പെടെ പരിഗണനയിലുണ്ട്. തിങ്കളാഴ്ച കെഎസ്ഇബി ചെയർമാൻ നൽകുന്ന റിപ്പോർട്ടിന് അനുസരിച്ചാകും സർക്കാരിന്റെ തുടർനടപടി.മഴയില്ലാത്തതിനാൽ ജലവൈദ്യുത ഉത്പാദനകേന്ദ്രങ്ങളിലെ അണക്കെട്ടുകളിൽ വെള്ളമില്ല. എല്ലാഡാമുകളിലും കൂടി 37ശതമാനമാണുളളത്. ഏറ്റവും വലിയ ഡാമായ ഇടുക്കിയിൽ 32ശതമാനമാണ് വെള്ളം. ഇതെല്ലാം ഉപയോഗിച്ച് 1531ദശലക്ഷം യൂണിറ്റ് വൈദ്യുതിയുണ്ടാക്കാം. കഴിഞ്ഞവർഷം ഇതേസമയത്ത് 3425ദശലക്ഷം യൂണിറ്റിനുള്ള വെള്ളമുണ്ടായിരുന്നു.ആഗസ്റ്റിൽ മാത്രം 90ശതമാനമാണ് മഴയുടെ കുറവ്. ഇതോടെ വരും മാസങ്ങളിൽ നീരൊഴുക്കും കാര്യമായി പ്രതീക്ഷിക്കാനാവില്ല.
അതേസമയം മഴയില്ലാത്തതിനാൽ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇന്നലെ 80.90ദശലക്ഷം യൂണിറ്റാണ് ഉപഭോഗം.കഴിഞ്ഞവർഷം ഇതേസമയത്ത് 56ദശലക്ഷം യൂണിറ്റായിരുന്നു.ഇതിൽ 25ദശലക്ഷം മാത്രമാണ് കേന്ദ്രഗ്രിഡിൽ നിന്ന് വാങ്ങുന്നത്. സാമ്പത്തികപ്രതിസന്ധിമൂലം ജലവൈദ്യുതി ഉത്പാദനം കൂട്ടി 19ദശലക്ഷം യൂണിറ്റാക്കി.എന്നിട്ടും 31ദശലക്ഷം വാങ്ങേണ്ടിവരുന്നുണ്ട്. വരും മാസങ്ങളിൽ മഴ പെയ്യുമെന്ന് സൂചനകളുമില്ല.
ദീർഘകാലകരാർ റദ്ദാക്കിയതുമൂലം 450മെഗാവാട്ട് വൈദ്യുതിയാണ് സംസ്ഥാനത്ത് കുറഞ്ഞത്. ഇതിൽ 200മെഗാവാട്ട് താത്ക്കാലികാടിസ്ഥാനത്തിൽ കിട്ടുന്നുണ്ട്. ഹ്രസ്വകാലകരാറിന് ടെൻഡർ വിളിച്ചെങ്കിലും നടപടികൾ സെപ്തംബർ രണ്ടിനേ തുടങ്ങാനാകൂ. കൽക്കരിക്ഷാമം മൂലം നിലവിലെ കരാറിൽ 100മെഗാവാട്ട് കിട്ടുന്നില്ല.ഇതുമൂലം മൊത്തം 500മെഗാവാട്ടിന്റെ വൈദ്യുതി കമ്മിയാണ് നേരിടുന്നത്. ഇത് പരിഹരിക്കാൻ ഓപ്പൺ എക്സ്ചേഞ്ചിൽ നിന്ന് വൻവിലയ്ക്ക് വൈദ്യുതിവാങ്ങുകയാണ്.ഇതിന് ബിൽ ഉടനടി സെറ്റിൽ ചെയ്യേണ്ടിവരും.
ദിവസം 15കോടിയോളം രൂപ ഇതിനായി കണ്ടെത്തേണ്ടിവരും.ഇതിന് കെ.എസ്.ഇ.ബിക്കാവില്ല. അതുകൊണ്ടാണ് പവർകട്ടിനെക്കുറിച്ച് ആലോചിക്കേണ്ടിവന്നത്. ഹ്രസ്വകാല കരാർ വൈദ്യുതി കിട്ടിത്തുടങ്ങുകയോ മഴ പെയ്യുകയോ ചെയ്യുന്നതുവരെ പവർ കട്ട് തുടരേണ്ടിവരും. കെ.എസ്.ഇ.ബി വൈദ്യുതിനിരക്ക് കൂട്ടാൻ റെഗുലേറ്ററി കമ്മിഷൻ ഒരുങ്ങിയെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.സെസ് കൂട്ടാൻ കേന്ദ്രസർക്കാർ അനുമതിയുണ്ടെങ്കിലും യൂണിറ്റിന് 10 പൈസയിൽ കൂടാൻ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നില്ല.