തിരുവനന്തപുരം : കാഫിർ പോസ്റ്റർ വിവാദത്തിൽ മുൻ എംഎൽഎ കെ കെ ലതികയെ ന്യായീകരിച്ച് മന്ത്രി എം ബി രാജേഷ്. വർഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ കെ ലതിക കുറിപ്പിട്ടത്. പോസ്റ്റ് പിൻവലിച്ചത് പക്വമായ നടപടിയാണ്. നമ്മളിൽ പലരും പോസ്റ്റുകൾ പിൻവലിച്ചിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എൽദോസ് കുന്നപ്പിള്ളിയുടെ പരിഹാസം. താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു. കാഫിർ പോസ്റ്റ് വിവാദത്തിൽ നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്കുതർക്കമുണ്ടായി. കെ.കെ.രമയും മാത്യു കുഴൽനാടനുമാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. വർഗീയ പ്രചാരണങ്ങളിൽ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി എംബി രാജേഷ് കെ.കെ.ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു. കെ.കെ.ലതികയുടെ എഫ്ബി പോസ്റ്റ് വർഗീയ പ്രചാരണത്തിന് എതിരെന്നും ഫേസ്ബുക്കിൽ നിന്ന് മറുപടി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി.കാർഡ് വിഷയം മന്ത്രി ഉന്നയിച്ചതോടെ യഥാർത്ഥ വിഷയത്തിൽ നിന്ന് വഴിമാറുകയാണെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിലെ വിവാദമായ ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത പോസ്റ്റ് സിപിഎം സംസ്ഥാന സമിതി അംഗം കെ.കെ. ലതിക ഫേസ്ബുക്കിൽ നിന്ന് പിൻവലിച്ചിരുന്നു. സ്ക്രീൻഷോട്ട് പിൻവലിച്ചു ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്തു.മുസ്ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.