തിരുവനന്തപുരം: റെയിൽവേയുടെ അധീനതയിലുള്ള ആമയിഴഞ്ചാൻ തോടിൻറെ ഭാഗം വൃത്തിയാക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് മരണമടഞ്ഞ ക്രിസ്റ്റഫർ ജോയിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. ജോയിയുടെ മാതാവിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗ തീരുമാനം.
ജോയിയുടെ അമ്മയ്ക്ക് വീടുവച്ച് നല്‍കുമെന്ന് മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞു. എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തും.മന്ത്രി വി.ശിവന്‍കുട്ടി ഉള്‍പ്പെടെ ജോയിയുടെ മാരായമുട്ടത്തെ വീട് സന്ദര്‍ശിച്ചിരുന്നു. ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ റെയില്‍വേ ആണെന്നും ആവുന്നത്ര നഷ്ടപരിഹാരം നല്കാന് തയാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ചയാണ് ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള പണികള്‍ക്കിടെ ജോയിയെ ഒഴുക്കില്‍പ്പെട്ട് കാണാതായത്. ദിവസങ്ങൾ നീണ്ട തിരച്ചലിനൊടുവില്‍ തിങ്കളാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്.
അതേസമയം, ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി വ്യാഴാഴ്ച യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാര്‍, എംഎല്‍എമാര്‍, മേയര്‍ എന്നിവര്‍ക്ക് പുറമെ റെയില്‍വെ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പടെയുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും.