ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയൽചെയ്തത്. നേരത്തേ പഞ്ചാബ്, തമിഴ്നാട്, തെലുങ്കാന സര്‍ക്കാരുകളും സമാന ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി. സര്‍വകലാശാല ഭേദഗതി ബില്‍, ലോകായുക്ത ബില്‍ എന്നിവയടക്കം എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാട്ടിയാണ് ഹര്‍ജി. കഴിഞ്ഞ രണ്ട് വര്‍ഷമായി മൂന്ന് ബില്ലുകള്‍ ഗവര്‍ണറുടെ പരിഗണയിലാണ്. രണ്ട് ബില്ലുകൾ പാസാക്കി ഒരു വര്‍ഷം പിന്നിട്ടിട്ടും ഗവര്‍ണര്‍ ഇതിൽ തീരുമാനമെടുത്തിട്ടില്ല.
ഇത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിന് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.461 പേജുള്ള ഹര്‍ജിയാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വിഷയങ്ങളും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്കെതിരെ സർക്കാർ ഹർജി നൽകിയത്. സർക്കാരിന് പുറമെ, ടിപി രാമകൃഷ്ണൻ എംഎൽഎയും ഹർജി നൽകിയിട്ടുണ്ട്.