തിരുവനന്തപുരം: സർക്കാർ സുപ്രിം കോടതിയെ സമീപിച്ചതിന് പിന്നാലെ ബില്ലുകളിൽ ഒപ്പിട്ട് ഗവർണർ. ലൈവ് സ്റ്റോക് നിയമ ഭേദഗതി ബില്ലും രണ്ട് പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് ഗവർണർ അംഗീകരിച്ചത്.പ്രിൻസി കുര്യാക്കോസ്, ബാലഭാസ്ക്കർ എന്നിവരുടെ നിയമനത്തിന് ആണ് അനുമതി. ബില്ലുകളിൽ ഒപ്പിടാത്തതിനെതിരെ സിജെഐയും രൂക്ഷവിമർശനം ഉയർത്തിയിരിന്നു. എന്നാൽ രണ്ട് അംഗങ്ങളുടെ നിയമന ശുപാർശ ഇപ്പോഴും അംഗീകരിച്ചിട്ടില്ല.
ബില്ലിൽ ഒപ്പിടാത്ത ഗവർണർക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമെന്നു പ്രഖ്യാപിച്ച ശേഷം ഒരു ഫയലിൽ പോലും ഒപ്പിടാതെ മാറ്റിവയ്ക്കുകയായിരുന്നു ഗവർണർ. ഇതിനിടയിലാണ് ഇന്ന് ഫയൽ പരിശോധിച്ച് ഒരെണ്ണത്തിൽ ഒപ്പുവച്ചത്.നിയമസഭ പാസാക്കിയ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബില്ലിനാണ് ഗവർണർ അംഗീകാരം നൽകിയത്.കേരളത്തിൽ വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെയും കോഴിത്തീറ്റയുടെയും ഗുണനിലവാരം ഉറപ്പാക്കുന്നതിനുള്ള വ്യവസ്ഥകൾ അടങ്ങുന്നതാണ് ഈ ബിൽ. ഉത്പാദകർ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങൾ ഇതിൽ പറയുന്നുണ്ട്. ഇതു ലംഘിക്കുന്നവർക്കു തടവും പിഴയും ശിക്ഷയും ലഭിക്കും.
ഇപ്പോൾ ഒരു ബില്ലിന് അംഗീകാരം നൽകിയ സാഹചര്യത്തിൽ ഇനി നിയമസഭ പാസാക്കിയ 15 ബില്ലുകൾക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൻസുകൾക്കും ഗവർണറുടെ അംഗീകാരം ലഭിക്കാനുണ്ട്. ബില്ലിൽ ഗവർണർമാർ ഒപ്പിടാത്തതിനെതിരെ കഴിഞ്ഞ ദിവസം സുപ്രിം കോടതി രൂക്ഷവിമർശനം ഉയർത്തിയിരിന്നു.