തിരുവനന്തപുരം: സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായി സ്വന്തം നിലയ്ക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ ഗവർണറുടെ നീക്കം. കോടതിയുടെ അനുമതി വാങ്ങി രണ്ടംഗ കമ്മിറ്റി രൂപീകരിക്കാനാണ് ആലോചന. രാഷ്ട്രീയ കാരണങ്ങളാൽ സർവകലാശാലകൾ പ്രതിനിധിയെ നൽകുന്നില്ലെന്ന് രാജ്ഭവൻ കോടതിയെ അറിയിക്കും. ഡിജിറ്റൽ-ഓപ്പൺ സർവകലാശാല വി.സിമാർക്ക് നോട്ടീസ് നൽകാനും ആലോചനയുണ്ട്.
ഏറെനാളായി സംസ്ഥാനത്തെ ഒന്നൊഴികെയുള്ള എല്ലാ സർവകലാശാലകളും താൽക്കാലിക വി.സിമാരുടെ ചുമതലയിലാണ് മുന്നോട്ടുപോകുന്നത്. സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന് ഗവർണർ പ്രതിനിധിയെ ആവശ്യപ്പെട്ടെങ്കിലും പലകാരണങ്ങൾ പറഞ്ഞ് സർവകലാശാലകൾ ഒഴിഞ്ഞുമാറുകയായിരുന്നു. രാഷ്ട്രപതിക്ക് അയച്ച ബില്ലുകളിൽ തീരുമാനമാകുംവരെ സ്ഥിരം വി.സി വേണ്ടെന്ന സർക്കാർ തീരുമാനമാണ് ഇതിന് പിന്നിൽ. ഇതിൽ കടുത്ത അതൃപ്തിയുള്ള ഗവർണർ കോടതി മുഖേന കമ്മിറ്റിക്കുള്ള അനുമതി നേടിയെടുക്കാനാണ് ആലോചിക്കുന്നത്. ചട്ടപ്രകാരം സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ യു.ജി.സി പ്രതിനിധി മാത്രം മതിയാകുമെന്നതിനാൽ രണ്ടംഗ കമ്മിറ്റി രൂപീകരിക്കുന്നതിൽ നിയമ തടസമില്ലെന്ന് രാജ്ഭവന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.
സർവകലാശാലാ ചട്ടം കൂടി മാനിച്ചാണ് സെനറ്റ് നോമിനികളെ ആവശ്യപ്പെട്ടത്. പക്ഷേ, രാഷ്ട്രീയകാരണങ്ങളാൽ മനപ്പൂർവം സർവകലാശാലകൾ പ്രതിനിധിയെ നൽകുന്നില്ലെന്നു കോടതിയെ ബോധിപ്പിക്കാനാണു നീക്കം നടക്കുന്നത്. കഴിഞ്ഞ ദിവസം നിയമോപദേഷ്ടാവുമായി ചർച്ച നടത്തിയ ഗവർണർ റിപ്പോർട്ട് തയാറാക്കി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ റിപ്പോർട്ട് ലഭിച്ചശേഷമാകും അന്തിമ തീരുമാനമെടുക്കുക.