തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നവകേരള സദസിനെതിരേ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നവകേരള യാത്രയുടെ ഉദ്ദേശ്യം എന്താണെന്ന് ഗവർണർ ചോദിച്ചു. ഇത് ഉല്ലാസയാത്രയാണോ? പരാതി വാങ്ങാൻ മാത്രമാണ് യാത്ര. ഒരു പരാതികൾക്കും പരിഹാരം കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ലക്ഷം പരാതി കിട്ടിയെന്നാണ് പറയുന്നത്. ഇത് കളക്ട്രേറ്റിലോ മറ്റിടങ്ങളിലോ സ്വീകരിക്കാവുന്നതാണ്. അല്ലെങ്കില്‍ സെക്രട്ടേറിയറ്റില്‍ തന്നെ നേരിട്ടെത്തി നല്‍കാവുന്നതാണ്. പരാതി സ്വീകരിച്ച് അവിടെവച്ചുതന്നെ പരിഹാരം കാണുകയായിരുന്നെങ്കിൽ അതായിരുന്നു യാത്രയുടെ ലക്ഷ്യമെന്നും ഗവർണർ പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സർക്കാർ നയങ്ങളാണെന്നും ഗവർണർ ആരോപിച്ചു. ഒരു ഭാഗത്ത് അനാവശ്യധൂര്‍ത്ത് നടക്കുകയാണ്. വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷൻ നല്കാൻ പണമില്ല. മന്ത്രിമാരുടെ സ്റ്റാഫായി രണ്ടുവർഷം ജോലി ചെയ്തവർക്ക് പെൻഷൻ നല്‍കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.