തിരുവനന്തപുരം : അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് തിങ്കളാഴ്ച ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിക്കും. നിയമസഭയിൽ രാവിലെ ഒമ്പതിന് ബജറ്റ് പ്രസംഗം ആരംഭിക്കും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഈ വർഷത്തെ ബജറ്റ്.രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണിത്.
ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളും അധിക വരുമാനത്തിന് എന്ത് വഴി എന്നതും ബജറ്റ് ഉറ്റുനോക്കുന്നു. സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നടപടികൾ ഉണ്ടാകുമെന്നു തന്നെയാണ് സൂചന. ജനങ്ങളുടെമേൽ അധിക ബാധ്യത അടിച്ചേൽപ്പിക്കാതെ വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകുമെന്നാണ് സൂചന. ക്ഷേമപെൻഷൻ കുടിശ്ശിക, വിലക്കയറ്റം, നികുതി വരുമാനത്തിലെ ഇടിവ്, കാർഷിക മേഖലയിലെ പ്രതിസന്ധി, ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡി.എ കുടിശ്ശിക തുടങ്ങിയ വിഷയങ്ങളിൽ കുറഞ്ഞതോതിലെങ്കിലും ബജറ്റിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വമ്പൻ പ്രഖ്യാപനങ്ങളുണ്ടാകില്ലെന്ന് ധനമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും കേരളത്തെ പൂർണമായും തഴഞ്ഞിരുന്നു. കേന്ദ്ര സർക്കാരിന്റെ അവഗണനയ്ക്കിടയിലും സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ സംരക്ഷിക്കാനും സംസ്ഥാനത്തെ കൂടുതൽ മുന്നോട്ടുകൊണ്ടുപോകാനുമുള്ള ഇടപെടൽ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞിരുന്നു.