തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറിയില്‍ കടുത്ത നിയന്ത്രണം. ദൈനംദിന ചെലവുകളുടെ ബില്ലുകള്‍ക്കുള്ള നിയന്ത്രണം 10 ലക്ഷത്തില്‍നിന്ന് 5 ലക്ഷം രൂപയാക്കി വെട്ടിച്ചുരുക്കി. അഞ്ചുലക്ഷത്തിനു മുകളിലുള്ള പ്രധാന ബില്ലുകള്‍ പാസാക്കുന്നതിനു ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.
ശമ്പളം, പെന്ഷന്, മരുന്നുകള്‍ വാങ്ങല്‍ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകള്‍ ഒഴികെ എല്ലാ ബില്ലുകള്‍ക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബില്‍ പാസാക്കിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നു ട്രഷറിക്ക് ധനവകുപ്പ് താക്കീത് നല്‍കിയിട്ടുണ്ട്.നേരത്തെ മുൻകൂർ അനുമതി വേണ്ടിയിരുന്നത് ഒരു കോടിക്കു മുകളിലുള്ള ബില്ലുകൾ പാസാക്കുന്നതിനായിരുന്നു. അതു പിന്നീട് 25 ലക്ഷവും വീണ്ടും 10 ലക്ഷവുമായി കുറയ്ക്കുകയായിരുന്നു. സാന്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ഇത്.ഓണക്കാലം മറികടക്കാൻ 19,000 കോടിയോളം രൂപ കണ്ടെ ത്തേണ്ടി വരുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഓണത്തോടനുബന്ധിച്ച ചെലവുകൾ മാത്രം തൽക്കാലം നടത്താനാണു തീരുമാനം. മറ്റു ചെലവുകളെല്ലാം മാറ്റി വയ്ക്കും.
നിത്യചെലവിനും പെന്‍ഷനും പണം തികയാത്തതോടെ വീണ്ടും കടം എടുക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 2,000 കോടി രൂപകൂടിയാണ് കടം എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണത്തിനു സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസും ഉത്സവബത്തയും അഡ്വാന്‍സും നല്‍കാനും കെഎസ്ആര്‍ടിസിക്കും സപ്ലൈകോയ്ക്കും സാമ്പത്തിക സഹായം നല്‍കാനും ഈ തുക വിനിയോഗിക്കും. ക്ഷേമപെന്ഷന് വിതരണത്തിനായി 1,000 കോടി രൂപ കഴിഞ്ഞയാഴ്ച കടമെടുത്തിരുന്നു. ഇതോടെ ഈ വര്‍ഷത്തെ ഇതുവരെയുള്ള കടമെടുപ്പ് 18,500 കോടിരൂപയാവും. ഈ വര്‍ഷം ഇനി ശേഷിക്കുന്നത് 2000 കോടിരൂപയാണ്. 20,521 കോടിയാണ് ഈ വര്‍ഷം സംസ്ഥാന സര്‍ക്കാരിനു കടമെടുക്കാവുന്ന തുക. ഇതില്‍ 15,390 കോടി രൂപ മാത്രമേ ഡിസംബര്‍ വരെ കടമെടുക്കാന്‍ കഴിയൂ എന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും പിന്നീട് ഈ സമയപരിധി ഒഴിവാക്കിയിരുന്നു.
2,021 കോടി രൂപ കൊണ്ട് 7 മാസം എങ്ങനെ തരണം ചെയ്യുമെന്നറിയാത്ത പ്രതിസന്ധിയിലാണ് ധനവകുപ്പ്. ഇതോടെ ഓണം കഴിഞ്ഞാല്‍ സാമ്പത്തികപ്രതിസന്ധി രൂക്ഷമാകും. വരുമാനത്തിന്റെ 70% തുകയും സംസ്ഥാനം സ്വന്തം നിലയില്‍ കണ്ടെത്തേണ്ട അവസ്ഥയാണുള്ളത്.