കൊല്ലം : സ്റ്റാർട്ടപ്പുകളിലൂടെ കേരളം യുവജനങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിലെ സ്റ്റാർട്ടപ് ഇക്കോസിസ്റ്റം വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം. ബഹിരാകാശ, ആണവോർജ മേഖലകളടക്കം കേന്ദ്രസർക്കാർ സ്വകാര്യ സംരംഭകർക്കുവേണ്ടി തുറന്നിട്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജിലെ ബിരുദദാനച്ചടങ്ങ് ഉദ്ഘാടനംചെയ്യുകയായിരുന്നു അവർ.
പഠനത്തിനുശേഷം തൊഴിലന്വേഷണം നടത്തുകയെന്ന പതിവുവിട്ട്, തൊഴിൽദാതാക്കളായി മാറാൻ യുവജനത ശ്രമിക്കണം. ഫോണുകളിലൂടെ കുത്തിയൊഴുകി വരുന്ന ഡേറ്റാപ്രളയത്തിൽനിന്ന് യഥാർഥവും പ്രസക്തവുമായ വിവരങ്ങൾ സ്വീകരിക്കാൻ പ്രാപ്തരായിരിക്കണം. ഇന്ത്യ മാറ്റത്തിന്റെ പാതയിലാണെന്നും 2047-ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിക്കുമെന്നും അവർ അവകാശപ്പെട്ടു.
കൊല്ലം ബിഷപ് പോൾ ആന്റണി മുല്ലശ്ശേരി അധ്യക്ഷനായി. എൻ കെ പ്രേമചന്ദ്രൻ എംപി, കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, കോളേജ് മാനേജർ ഫാ. അഭിലാഷ് ഗ്രിഗറി, പ്രിൻസിപ്പൽ സിന്തിയ കാതറിൻ മൈക്കിൾ, ക്രിസ്റ്റി ക്ലമന്റ് തുടങ്ങിയവർ പങ്കെടുത്തു.