തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ് നടത്തുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍, തിരുവന്തപുരം എന്നീ ജില്ലകളിലെ മുഴുവന്‍ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുന്നത്.
സംസ്ഥാനത്തെ ബാക്കി ആറ് ജില്ലകളില്‍ 75 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് സൗകര്യം ഒരുക്കും. എന്നാല്‍ ഈ ജില്ലകളിലെ മുഴുവന്‍ പ്രശ്ന ബാധിത ബൂത്തുകളും തത്സമയ നിരീക്ഷണത്തിലായിരിക്കും. ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകള്‍ക്ക് പുറത്തും കാമറ സ്ഥാപിക്കും. ബൂത്ത് പിടിത്തം, പണവിതരണം, കള്ള വോട്ട് ചെയ്യല്‍ തുടങ്ങിയവ തടഞ്ഞ് സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് വെബ് കാസ്റ്റിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. തത്സമയ നിരീക്ഷണത്തിന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസിലും ജില്ലാ കളക്ടറേറ്റുകളിലുമാണ് കണ്ട്രോള് റൂമുകള്‍ സജ്ജമാക്കുക.
സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്.ഏപ്രില്‍ 26ന് നടക്കുന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലെ 25231 ബൂത്തുകളിലായി (ബൂത്തുകള്‍-25177, ഉപബൂത്തുകള്‍-54) 30,238 ബാലറ്റ് യൂണിറ്റുകളും 30238 കണ്ട്രോള് യൂണിറ്റുകളും 32698 വിവിപാറ്റ് യന്ത്രങ്ങളുമാണ് ഉപയോഗിക്കുക. റിസര്‍വ് മെഷീനുകള്‍ അടക്കമുള്ള കണക്കാണിത്.
ഏതെങ്കിലും യന്ത്രങ്ങള്‍ക്ക് പ്രവര്‍ത്തന തകരാര്‍ സംഭവിച്ചാല്‍ പകരം അതത് സെക്ടര്‍ ഓഫീസര്‍മാര്‍ വഴി റിസര്‍വ് മെഷീനുകള്‍ എത്തിക്കും. നിലവില്‍ വോട്ടിങ് മെഷീനുകള്‍ അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ (എആര്‍ഒ) കസ്റ്റഡിയില്‍ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുകയാണ്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും ഇസിഐ എം3 മോഡല്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പ്രാഥമിക പരിശോധന(എഫ്എല്‍സി) പൂര്‍ത്തിയാക്കി തെരഞ്ഞെടുത്ത് സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരുന്ന ഇവിഎമ്മുകളാണ് ലോക്സഭ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്.