പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ബിഹാറിനെതിരേ സമനില പിടിച്ച് കേരളം. മത്സരത്തിന്റെ അവസാന ദിനമായ ഇന്ന് സച്ചിൻ ബേബിയുടെ സെഞ്ചുറി കരുത്തിൽ കേരളം 70 റൺസിന്റെ രണ്ടാം ഇന്നിംഗ്സ് ലീഡ് നേടിയതിനു പിന്നാലെയാണ് മത്സരം സമനിലയിലായത്. ടൂർണമെന്റിൽ സച്ചിന്റെ രണ്ടാം സെഞ്ചുറിയാണിത്.
കേരളം രണ്ടാം ഇന്നിംഗ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്തു. 109 റൺസെടുത്ത സച്ചിൻ ബേബി പുറത്താകാതെ നിന്നു. അവസാന ദിവസം രണ്ടിന് 62 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച സന്ദർശകർക്ക് അക്ഷയ് കൃഷ്ണന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 38 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. തുടര്‍ന്ന് ക്രീസിലെത്തിയ വിഷ്ണു വിനോദിന് (ആറ്) തിളങ്ങാനായില്ല. ഇതിനിടെ സച്ചിന് ബേബി സെഞ്ചുറി പൂര്‍ത്തിയാക്കി. 146 പന്തുകള്‍ നേരിട്ട താരം14 ബൗണ്ടറികളും നേടി. 12 റൺസുമായി ശ്രേയസ് ഗോപാൽ സച്ചിനൊപ്പം പുറത്താകാതെ നിന്നു.
ബിഹാറിനു വേണ്ടി അശുതോഷ് അമൻ രണ്ടുവിക്കറ്റും വിപുൽ കൃഷ്ണ, രഘുവേന്ദ്ര പ്രതാപ് സിംഗ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.നേരത്തെ ആദ്യ ഇന്നിംഗ്സിൽ കേരളം 227 റൺസിൽ പുറത്തായിരുന്നു. ഇതിന് മറുപടിയായി ബിഹാർ 377 റൺസെടുത്തു.മത്സരം സമനിലയിൽ പിരിഞ്ഞതോടെ ആദ്യ ഇന്നിംഗ്സ് ലീഡ് നേടിയ ബിഹാറിന് മൂന്ന് പോയിന്റും കേരളത്തിന് ഒരു പോയിന്റും ലഭിച്ചു. നാല് മത്സരങ്ങളിൽ നിന്നായി കേരളത്തിന് അഞ്ച് പോയിന്റുണ്ട്.