തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്മാറ്റങ്ങള്ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി തദ്ദേശീയമായി വികസിപ്പിച്ച് കേരളം. സംസ്ഥാനത്ത് ഇ- വാഹനനയം രൂപീകരിക്കുന്നതിന്റെ നോഡല്‍ ഏജന്‍സിയായ കെ- ഡിസ്കിന്റെ മുന്‍കൈയില്‍ രൂപീകരിച്ച ഇവി ഡെവലപ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് കണ്‍സോര്‍ഷ്യമാണ് ബാറ്ററി വികസിപ്പിച്ചത്.
വിഎസ്എസ്സി, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ്, സി-ഡാക് തിരുവനന്തപുരം, ട്രിവാന്‍ഡ്രം എന്‍ജിനിയറിങ് സയന്‍സ് ആന്‍ഡ് ടെക്നോളജി റിസര്‍ച്ച് പാര്‍ക്ക് എന്നിവരാണ് കണ്‍സോര്‍ഷ്യത്തിലെ പങ്കാളികള്‍. മികച്ച ഊര്‍ജസാന്ദ്രത, വേഗത്തിലുള്ള ചാര്‍ജിങ്, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവയുള്ളതാണ് ബാറ്ററി. ബാറ്ററിയുടെ പ്രോട്ടോടൈപ്പ് തലസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ വിഎസ്എസ്സി ഡയറക്ടര്‍ ഡോ. എസ് ഉണ്ണികൃഷ്ണന് നായരില്‍നിന്ന് വ്യവസായമന്ത്രി പി രാജീവ് ഏറ്റുവാങ്ങി.