ബംഗലൂരു : കേരളത്തില്‍ പുതിയ കോവിഡ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്കി. കോവിഡ് ലക്ഷണമുള്ളവര്‍ക്ക് പരിശോധന ഉറപ്പുവരുത്തണം. ആശുപത്രികളില്‍ പരിശോധനയ്ക്കുവേണ്ട ആര്‍ടിപിസിആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് കിറ്റുകള്‍ അടുത്ത മൂന്നുമാസത്തേക്ക് ഉറപ്പുവരുത്താനും കര്‍ണാടക മെഡിക്കല്‍ സപ്ലൈസ് കോര്പ്പറേഷന് ലിമിറ്റഡിനോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
കോവിഡ് രോഗബാധ വര്‍ധിച്ചാല്‍ ചികിത്സ കാര്യക്ഷമമാക്കുന്നത് ഉറപ്പാക്കാന്‍ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളില്‍ മോക് ഡ്രില്‍ നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കോവിഡ് പരിശോധന നടത്തിയശേഷം പുതിയ വകഭേദമാകാന്‍ സാധ്യതയുണ്ടെന്ന് സംശയമുള്ള സാംപിളുകള്‍ ജനിതകശ്രേണീകരണത്തിന് അയക്കാനും നിര്‍ദേശിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ കോവിഡ് സാങ്കേതികോപദേശക സമിതി യോഗം വിളിച്ചു.
ചൊവ്വാഴ്ച നടക്കുന്ന യോഗത്തില്‍ പുതിയ കോവിഡ് വകഭേദത്തെക്കുറിച്ച് ചര്‍ച്ചചെയ്യും. അതേസമയം, കേരള അതിർത്തിയിൽ കർണാടകത്തിലേക്കുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു. രോഗനിയന്ത്രണത്തിന് മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. പക്ഷേ, കൂടുതൽ ജാഗ്രത വേണമെന്നും മന്ത്രി നിർദേശിച്ചു. നിലവിൽ കർണാടകത്തിൽ കോവിഡ് ബാധിച്ചവർ 58 പേരാണ്. ഇതിൽ 11 പേർ ആശുപത്രിയിൽ ചികിത്സയിലാണ്.