ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകിട്ടിയിട്ടും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ കടുത്ത അസംതൃപ്തിയാണ് പുകയുന്നത്. കോട്ടയത്തെ ലോക്സഭാ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു തോറ്റ തോമസ് ചാഴിക്കാടന് അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ ഇടതുമുന്നണിയില്‍ തുടരുന്നതിനോട് കടുത്ത എതിര്‍പ്പാണ് ഉയർത്തുന്നത്. നവകേരളാ സദസിന്റെ ഭാഗമായി കോട്ടയത്ത് വച്ച് മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പരാമര്‍ശം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് തോമസ് ചാഴിക്കാടന്റെ തുറന്ന് പറച്ചില് കേരളാ കോണ്‍ഗ്രസില്‍ വലിയ അലോസരമാണുണ്ടാക്കിയിരിക്കുന്നത്. നവകേരളാ സദസിന് മുഖ്യമന്ത്രിയെത്തിയപ്പോള്‍ റബര്‍ കര്‍ഷകരുടെ ദുരിതാവസ്ഥയെക്കുറിച്ച് സംസാരിച്ച തോമസ് ചാഴിക്കാടനോട് അതൊന്നും പറയേണ്ട വേദി ഇതല്ലന്ന് മുഖ്യമന്ത്രി പരസ്യമായി പറയുകയായിരുന്നു. ഈ സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുകയുമുണ്ടായി. ഇത് തന്റെ പരാജയത്തിന് വലിയൊരളവുവരെ കാരണമായെന്നാണ് തോമസ് ചാഴിക്കാടന്റെ പരാതി.
കോട്ടയം ലോക്സഭാ തെരഞ്ഞെടുപ്പില്‍ മാണികോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായിരുന്ന തോമസ് ചാഴിക്കാടന് പരാജയപ്പെട്ടത് എണ്‍പതിനായിരത്തില്‍പ്പരം വോട്ടുകള്‍ക്കാണ്. ഇതോടെ സിപിഎമ്മിന് മാണി വിഭാഗത്തിലുള്ള വിശ്വാസം കുറഞ്ഞു. 2019 ലെ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച വിഎന്‍ വാസവന് തോമസ് ചാഴിക്കാടന് ഇത്തവണ നേടിയതിനെക്കാള്‍ കൂടുതല്‍ വോട്ടുനേടാന്‍ കഴിഞ്ഞുവെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. കോട്ടയം കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ തട്ടകമാണെന്ന അവകാശവാദം ഇനിയങ്ങിനെ സമ്മതിച്ചുകൊടുക്കേണ്ടെന്നാണ് സിപിഎം നേതൃത്വത്തിന്റെ ആലോചന. ഇപ്പോള്‍ പാര്‍ട്ടി ചെയര്മാന് ജോസ് കെ മാണിയും, മന്ത്രി റോഷി അഗസ്റ്റിനും കാഞ്ഞിരപ്പള്ളി എംഎല്‍എ ഡോ. ജയരാജും, റാന്നി എംഎല്‍എ പ്രമോദ് നാരായണനും ഒഴിച്ച് ബാക്കിയുള്ള നേതാക്കളെല്ലാം ഇടതുമുന്നണി വിടണമെന്നാഗ്രഹിക്കുന്നവരാണ് .എംഎല്‍എമാര്‍ കൂടുതലും ജോസ് കെ മാണിയോടൊപ്പമാണെങ്കിലും പാര്‍ട്ടി നേതാക്കളും ജില്ലാ അധ്യക്ഷന്മാരും ഇനി ഇടതുമുന്നണിയില്‍ തുടരുന്നതില്‍ വലിയ കാര്യമില്ലന്ന് വിശ്വസിക്കുന്നവരാണ്.
പിജെ ജോസഫില്‍ നിന്നും കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ നേതൃത്വം ഫ്രാന്‍സിസ് ജോര്‍ജ്ജ് ഏറ്റെടുക്കുകയാണെങ്കില്‍ മാണി വിഭാഗത്തില്‍ നിന്നും ആ പാര്ട്ടിയിലേക്കൊഴുക്കുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. മോന്‍സ് ജോസഫാണ് കോട്ടയത്ത് ഇതുവരെ ജോസഫ് ഗ്രൂപ്പിനെ നയിച്ചുകൊണ്ടിരുന്നത്. അദ്ദേഹവുമായി മാണി വിഭാഗത്തിലെ പലനേതാക്കള്‍ക്കും കടുത്ത വിയോജിപ്പുള്ളത് കൊണ്ടുമാത്രമാണ് ഇതുവരെ മാണി വിഭാഗത്തില്‍ നിന്നും നേതാക്കള്‍ കാര്യമായി അങ്ങോട്ടുപോകാതിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആ അവസ്ഥമാറി. ഫ്രാന്‍സിസ് ജോര്‍ജ്ജിനോട് വ്യക്തിപരമായ താല്പര്യമുള്ള നിരവധി നേതാക്കളും പ്രവര്‍ത്തകരും കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലുള്ളത് കൊണ്ട്് ഭിന്നിപ്പുണ്ടായാല്‍ വലിയ തോതില്‍ നേതാക്കള്‍ ആ പാര്ട്ടിയിലേക്കൊഴുകിയേക്കാം.
മന്ത്രി റോഷി അഗസ്റ്റിന് സിപിഎമ്മുമായി നല്ല ബന്ധത്തിലാണ്. താന്‍ ഏതായാലുംമുന്നണി വിടാന്‍ നിൽക്കില്ലെന്ന സൂചന അദ്ദേഹം ജോസ് കെ മാണിക്ക് നല്‍കിക്കഴിഞ്ഞു. വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് മുമ്പ്് ജോസ് കെമാണി മുന്‍കൈ എടുത്ത് ഇടതുമുന്നണി വിട്ടേക്കുമെന്ന സൂചനയുണ്ടായിരുന്നു. എന്നാല്‍ രാജ്യസഭാ സീറ്റുകിട്ടിയതോടെ അദ്ദേഹം പിണറായി വിജയനൊപ്പമായി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് മുഖ്യമന്ത്രിയെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ലന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസിന്റെ യോഗങ്ങളില്‍ അദ്ദേഹം കൈക്കൊണ്ടത്. സിപിഎമ്മിനെതിരെയുള്ള കടുത്ത വിമര്‍ശനം അദ്ദേഹമിടപെട്ട് തടയുന്നതായും ആ പാര്‍ട്ടിയുടെ നേതാക്കള്‍ പറയുന്നുണ്ട്.
ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റുകൊടുത്തുവെന്നത് കൊണ്ട് എന്ത് കാര്യം? പാര്‍ട്ടിയുടെ അടിത്തറ തകരുകയാണെന്നാണ് പാര്‍്ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ പോലും പറയുന്നത്. മാണി വിഭാഗത്തിന് എക്കാലവും പിന്തുണയായി നിന്നിരുന്ന പാലാ കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകള്‍ക്ക് ഇപ്പോള്‍ മാണി വിഭാഗത്തിനോടെന്നത് പോയിട്ട് ഒരു കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളോടും താല്‍പ്പര്യമില്ല. ഇതിന്റെയെല്ലാം ഫലമായി പാര്‍ട്ടിയുടെ ഭാവിയെന്ത് എന്ന ചോദ്യമാണ് അതിനുള്ളില്‍ നിന്നും ഉയരുന്നത്.