തിരുവനന്തപുരം:നെൽകർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാൻഡ് അരി വിപണിയിൽ എത്തിക്കാൻ സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വാങ്ങിയ പത്ത് ഏക്കറിൽ അരിമില്ല് സ്ഥാപിക്കും.സ്വകാര്യ ബ്രാൻഡുകളെ വെല്ലുന്ന തനി നാടൻ അരി അടുത്ത വർഷം വിപണിയിലെത്തിക്കും. പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിൽ നിന്നും നെല്ല് സംഭരിച്ച് സംസ്കരിക്കും.
സഹകരണ വകുപ്പിന്റെ കേരള നെല്ലുസംഭരണ സംസ്കരണ വിപണന സഹകരണ സംഘത്തിനാണ് (കാപ്കോസ് ) ചുമതല.നിലവിൽ സപ്ലൈകോ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ച് സ്വകാര്യ മില്ലുകൾക്ക് സംസ്കരിക്കാൻ നൽകുകയാണ്. സപ്ലൈകോ സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതിനാൽ സർക്കാരിനെതിരെയുള്ള കർഷകരോഷം അവസാനിച്ചിട്ടില്ല. സർക്കാർ പണം അനുവദിക്കാത്തതിനാൽ സപ്ലൈകോ പ്രതിസന്ധിയിലുമാണ്.ഈ സാഹചര്യത്തിൽ സഹകരണ വകുപ്പിന്റെ നെല്ല് സംഭരണം കർഷകർക്ക് ഗുണമാകും.
നെല്ല് സംഭരണത്തിലെ പ്രതിസന്ധി തുടർന്നാൽ സെപ്തംബറിലെ വിളവെടുപ്പ് മുതൽ കർഷകരിൽ നിന്ന് പ്രാഥമിക സഹകരണ സംഘങ്ങൾ വഴി നെല്ല് സംഭരിക്കും. മില്ല് തുടങ്ങുന്നതുവരെ ഈ നെല്ല് സ്വകാര്യമില്ലുകൾക്ക് നൽകും. കൃഷി ഓഫീസുകൾ മുഖേനയാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. പ്രതിവർഷം എട്ട് ലക്ഷം ടണ്ണിലധികം നെല്ലാണ് സംഭരിച്ചിരുന്നത്. കഴിഞ്ഞ വർഷം 6.4 ലക്ഷം ടണ്ണായി കുറഞ്ഞു.