തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പൂർത്തിയാകുന്നതിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപം കേരളത്തിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ലോകത്തെ ഏറ്റവും വലിയ കപ്പലുകള്‍ക്കു ബെര്‍ത്ത് ചെയ്യാന്‍ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറുന്നു. 2028ഓടെ സമ്പൂര്‍ണ തുറമുഖമായി വിഴിഞ്ഞം മാറും. 10,000 കോടി രൂപയുടെ നിക്ഷേപം വിഴിഞ്ഞത്തെത്തും’’– വിഴിഞ്ഞം ട്രയൽ റൺ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.
‘‘കേരളത്തെ സംബന്ധിച്ചിടത്തോളം പുതിയ അധ്യായം തുറക്കുന്ന അഭിമാന നിമിഷമാണിത്. രാജ്യത്തിന് തന്നെ അഭിമാന മുഹൂര്‍ത്തമാണിത്. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചു’’. പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല എന്ന സ്ഥാപിത താല്പര്യത്തോടെ ചിലർ ശ്രമം നടത്തി. എന്നാല്‍ നമ്മുടെ നാടിന്റെ ഇച്ഛാശക്തി ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞില്ല. പദ്ധതിയെ അഴിമതിക്കുള്ള വഴിയായോ ചൂഷണത്തിനുള്ള ഉപാധിയായോ ഉപയോഗിക്കപ്പെടരുതെന്ന നിഷ്കര്‍ഷയാണ് ഉണ്ടായിരുന്നത്. അത്തരത്തില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ പുനരുജ്ജീവിപ്പിച്ചതില്‍ അഭിമാനമുണ്ട്. നമ്മുടെ രാജ്യത്ത് മുഖ്യകടല്പ്പാതയോടു തൊട്ടടുത്തുള്ള മറ്റൊരു തുറമുഖമില്ല. ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പ്രതിവര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറും. മുന്‍മന്ത്രി അഹമ്മദ് ദേവര്‍കോവിലും സജീവമായി പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ അര്‍പ്പണബോധത്തോടെ ശ്രമം നടത്തിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് 100 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.