കോഴിക്കോട്: ഉരുൾപൊട്ടൽ ദുരന്തമേഖല സന്ദർശിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വയനാട്ടിലേക്ക് യാത്ര തിരിച്ചു. കോഴിക്കോട്ടുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് മുഖ്യമന്ത്രി പുറപ്പെട്ടത്. ചീഫ് സെക്രട്ടറി ഡോ. വി വേണുവും സംസ്ഥാന പോലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബും മുഖ്യമന്ത്രിയോടൊപ്പമുണ്ട്.
രാവിലെ മുണ്ടക്കൈയിൽ എത്തുന്ന മുഖ്യമന്ത്രി 10.30ന് എപിജെ ഹാജിൽ നടക്കുന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുക്കും. തുടർന്ന് 11.30ന് കളക്ടറേറ്റിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സർവകക്ഷി യോഗം ചേരും.നിലവിൽ അഞ്ച് മന്ത്രിമാരുടെ സംഘമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. ഈ മന്ത്രിമാരും ജില്ലയിലെ എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവരും ഉൾപ്പെടെയുള്ളവർ സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിൽ എത്തുന്നുണ്ട്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടാകും.