ചെന്നൈ : ജനസംഖ്യാ അടിസ്ഥാനത്തില്‍ ലോക്സഭാ മണ്ഡലങ്ങളുടെ അതിര്‍ത്തി പുനര്‍നിര്‍ണിക്കാനുള്ള നീക്കം 25 വര്‍ഷത്തേക്കെങ്കിലും നടപ്പാക്കരുത് എന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെയും രാഷ്ട്രീയനേതാക്കളുടെയും യോഗം. മണ്ഡല പുനര്‍നിര്‍ണയ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധ കൂട്ടായ്മയായി മാറിയ യോഗം കേന്ദ്ര നീക്കത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് സംയുക്ത നിവേദനം സമര്‍പ്പിക്കാനും തീരുമാനിച്ചു. ജോയന്റ് ആക്ഷന്‍ കമ്മിറ്റിക്ക് കീഴില്‍ ഒരു വിദഗ്ദ സമിതി രൂപീകരിച്ച് നിയമപരമായും രാഷ്ട്രീയപരവുമായുള്ള തുടര്‍നീക്കങ്ങള്‍ ഏകോപിപ്പിക്കും. ജനസഖ്യാതോതിന് അനുസരിച്ച് ലോക്സഭാ മണ്ഡലങ്ങള്‍ പുനര്‍നിര്‍ണയിക്കാനുള്ള നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഭീഷണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിച്ചു. ജനസംഖ്യാ നിയന്ത്രണം കാര്യക്ഷമായി നടപ്പാക്കിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് മുകളില്‍ തുങ്ങുന്ന വാള് ആണ് മണ്ഡല പുനര്‍നിര്‍ണയം എന്നും മുഖ്യമന്ത്രി ചുണ്ടിക്കാട്ടി.
‘മണ്ഡല പുനര്‍നിര്‍ണയം പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന നിലയുണ്ടാക്കും. സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്യാതെ പുനര്‍നിര്‍ണയം നടപ്പാക്കുള്ള നീക്കം ഡെമോക്ലസിന്റെ വാള്‍പോലെ ഭീഷണിയായി നിലനില്‍ക്കുകയാണ്. ധന നയം,ഭാഷാ നയം സാംസ്കാരിക നയം ഇപ്പോള്‍ പ്രാതിനിധ്യ നിര്‍ണ്ണയം കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തെയും ജനാധിപത്യ ചട്ടക്കൂടിനെയും അസ്ഥിരപ്പെടുത്തുകയാണ്. ഇതുമായി മുന്നോട്ട് പോകാന്‍ അനുവദിക്കാനാകില്ല. ഫെഡറലിസം എന്നത് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന പ്രത്യേക അവകാശമല്ല. സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശമാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇത്തരം നടപടികളെ കൂട്ടായി പ്രതിരോധിക്കാനുള്ള തീരുമാനം ഒരു ജനാധിപത്യ രാജ്യത്തിന്റെ ആത്മാവിനെ സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്.’ മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ജനാധിപത്യ തത്വങ്ങള്‍ മറന്ന് രാഷ്ട്രീയ ലക്ഷ്യങ്ങളിലൂന്നിക്കൊണ്ട് പ്രവര്‍ത്തിക്കുകയാണ്. അതിര്‍ത്തി നിര്‍ണ്ണയം നടത്തിയാല്‍, വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സീറ്റുകളില്‍ വലിയ വര്‍ദ്ധനവുണ്ടാകും, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. ഇത് വടക്കന്‍ മേഖലയില്‍ കൂടുതല്‍ സ്വാധീനമുള്ള ബിജെപിക്ക് ഗുണം ചെയ്യും. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രാതിനിധ്യം നിര്‍ണ്ണയിക്കുന്നതെങ്കില്‍, 1973 മുതല്‍ ജനസംഖ്യാ വളര്‍ച്ച ഉത്തരവാദിത്തത്തോടെ നിയന്ത്രിച്ച കേരളവും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും പ്രതിസന്ധി നേരിടും.’ അദ്ദേഹം പറഞ്ഞു.
‘രാജ്യത്തിന്റെ സമ്പത്ത് വീതം വയ്ക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ വിഹിതം കുറയുന്നു. ഇതിന് ഒപ്പം പാര്‍ലമെന്ററി പ്രാതിനിധ്യം കൂടുതല്‍ കുറയുകയാണെങ്കില്‍, ഈ മേഖലയുടെ രാഷ്ട്രീയ ശബ്ദവും കുറയുന്ന അഭൂതപൂര്‍വമായ സാഹചര്യം നേരിടേണ്ടിവരും,’ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എം കെ സ്റ്റാലിന് വിളിച്ചുചേര്‍ത്ത ഈ യോഗം ഒരു ഏകീകൃത പ്രതിരോധത്തിന്റെ തുടക്കമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളാണ് സംയുക്ത യോഗത്തില്‍ പങ്കെടുത്തത്.
മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടിയായിരുന്നു സംയുക്ത യോഗം വിളിച്ചു ചേര്‍ത്ത തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മണ്ഡല പുനര്‍നിര്‍ണയത്തിന്റെ ദൂഷ്യവശങ്ങള്‍ ഉദാഹരിച്ചത്. മതിയായ രാഷ്ട്രീയ ശക്തിയില്ലാത്ത സംസ്ഥാനങ്ങളിലെ നിഷ്ക്രിയത്വത്തിന്റെ ഉദാഹരണമാണെന്ന് മണിപ്പൂരില്‍ രണ്ട് വര്‍ഷത്തിലേറെയായി നടക്കുന്ന അക്രമങ്ങളില്‍ കേന്ദ്രം പുലര്‍ത്തുന്ന മൗനം എന്ന് സ്റ്റാലിന് പറഞ്ഞു. രാജ്യത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ആവശ്യമായ രാഷ്ട്രീയ ശക്തി ആ സംസ്ഥാനത്തിന് ഇല്ലാത്തതിനാല്‍ നീതിക്കായുള്ള ശബ്ദം അവഗണിക്കപ്പെട്ടു. തങ്ങള്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് എതിരല്ല. എന്നാല്‍ നീതിപൂര്‍വമായി മാത്രമേ അത് നടക്കാന്‍ പാടുള്ളൂ എന്നതാണ് നിലപാട് എന്നും യോഗം വിളിച്ചുചേര്‍ത്ത എംകെ സ്റ്റാലിന് വ്യക്തമാക്കി.