തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് സർക്കാർ മുന്തിയ പരിഗണന നൽകിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രകൃതി ദുരന്തങ്ങളും മഹാമാരിയും പദ്ധതിയെ ബാധിച്ചു. പാറയുടെ ലഭ്യത പ്രശ്നമായിരുന്നെങ്കിലും തമിഴ്നാട്ടിൽ നിന്ന് പാറ എത്തിക്കാനായി. പ്രതിവർഷം 10 ലക്ഷം കണ്ടയ്നർ കൈകാര്യം ചെയ്യാൻ തുറമുഖത്തിന് കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാടിന്റെ പുരോഗതിയിൽ ഒരു നാഴിക കല്ലാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ദേശീയ പാത, ഗെയിൽ പൈപ്പ് ലൈൻ, എടമൺ-കൊച്ചി പവർ ഹൈവേ, കൊച്ചി മെട്രോ പോലെയുള്ള പശ്ചാത്തല വികസന പ്രവർത്തനങ്ങൾ പോലെത്തന്നെയാണ് എൽ.ഡി.എഫ് സർക്കാർ വിഴിഞ്ഞം തുറമുഖത്തിനും പരിഗണന നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കപ്പൽ ചാനലിനോട് കേവലം 11 നോട്ടിക്കൽ മൈൽ അടുത്തും പ്രകൃതിദത്തമായ 20 മീറ്റർ സ്വാഭാവികമായ ആഴമുള്ളതുമാണ് വിഴിഞ്ഞം തുറമുഖമെന്നും മുഖ്യമന്ത്രി പറഞ്ഞു.
400 മീറ്റർ നീളമുള്ള അഞ്ച് ബർത്തുകളും മൂന്ന് കിലോമീറ്റർ നീളമുള്ള പുലിമുട്ടും അടങ്ങിയ പദ്ധതിയാണിത്. പുലിമുട്ടിന്റെ നിർമാണം അതിവേഗമാണ് പൂർത്തിയാക്കിയത്. 55 ലക്ഷം ടണ്‍ പാറ ഉപയോഗിച്ച് 2960 മീറ്റർ പുലിമുട്ട് നിർമാണം പൂർത്തിയാക്കി. ഇതിൽ 2460 മീറ്റർ ആക്രോപോഡ് ഉപയോഗിച്ച് സുരക്ഷിതമാക്കി. പുലിമുട്ട് നിർമാണത്തിന്റെ 30 ശതമാനം പൂർത്തിയാക്കിയാൽ നൽകേണ്ട ആദ്യ ഗഡു 450 കോടി രൂപ കന്പനിക്ക് നൽകി കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട 817 കോടി ലഭ്യമാക്കാനുള്ള തടസങ്ങൾക്ക്, തുറമുഖ മന്ത്രി കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പരിഹാരമായി.
വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 11 കിലോമീറ്റർ റെയിൽ പാതയ്ക്ക് കൊങ്കണ്‍ റെയിൽവേ തയാറാക്കിയ ഡിപിആറിന് കേന്ദ്രത്തിന്റെ അംഗീകാരം ലഭിച്ചു. തുറമുഖത്തെ ദേശീയ പാതയുമായി ബന്ധിപ്പിക്കുന്ന റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നൽകി. ഇതിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. 2000 പേർക്ക് നേരിട്ട് തൊഴിൽ നൽകാവുന്ന ലോജിസ്റ്റിക് പാർക്ക്, പദ്ധതി പ്രദേശത്ത് ആരംഭിക്കാൻ കന്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. പദ്ധതി പ്രദേശത്തുള്ള ആളുകൾക്ക്, പ്രത്യേകിച്ച് യുവാക്കൾക്ക് മുന്തിയ പരിഗണന നൽകും. 50 കോടി രൂപ ചെലവിൽ അസാപ് നിർമിച്ച കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി.
ഇത് തുറമുഖ അധിഷ്ഠിത തൊഴിൽ പരിശീലനം നൽകുന്ന കേന്ദ്രമാക്കി മാറ്റും. 6000 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ഔട്ടർ റിംഗ് റോഡ്, തുറമുഖത്തിന്റെ കണക്ടിവിറ്റി കൂടുതൽ കാര്യക്ഷമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.