തിരുവനന്തപുരം: പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ എന്ന പേര് മാറ്റി ഭാരതം ആക്കാനുള്ള എൻസിഇആർടി ശിപാർശ അംഗീകരിക്കാനാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയെ ഒഴിവാക്കുന്നതിനു പിന്നിലെ രാഷ്ട്രീയം പകൽ പോലെ വ്യക്തമാണ്. സംഘ പരിവാറിന് ഇന്ത്യ എന്ന പദത്തോട് വെറുപ്പാണെന്നും അദ്ദേഹം പറഞ്ഞു.
ചരിത്രത്തെ വക്രീകരിക്കാൻ എൻസിഇആർടിസിയിൽനിന്നും തുടർച്ചയായി ശ്രമം നടക്കുന്നു. ഭരണഘടനാവിരുദ്ധമായ നിർദേശങ്ങൾക്കെതിരെ സമൂഹം രംഗത്തു വരണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരത് ആക്കാനുള്ള തീരുമാനത്തെ കേരളം അംഗീകരിക്കില്ലെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയും വ്യക്തമാക്കിയിരുന്നു. പാഠപുസ്തകങ്ങളെ കാവി പുതപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നും മന്ത്രി പറഞ്ഞു.ഇന്ത്യയുടെ ചരിത്രമാണ് മാറ്റാൻ ശ്രമിക്കുന്നത്. പാഠ്യപദ്ധതി പരിഷ്കരണം എന്ന പേരിൽ നടക്കുന്നത് ജനാധിപത്യ വിരുദ്ധതയാണ്. അക്കാഡമിക താത്പര്യങ്ങളെ അവഗണിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ചരിത്രം, അടിസ്ഥാന പ്രശനങ്ങൾ, ഭരണഘടന മൂല്യങ്ങൾ എല്ലാം വെട്ടി മാറ്റുകയാണ്. പരിണാമസിദ്ധാന്തം അടക്കം മാറ്റുന്നു. ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ എസ്സിഇആർടി പുസ്തകങ്ങളാണ് കേരളം ഉപയോഗിക്കുന്നത്. അതങ്ങനെ തന്നെ തുടരുമെന്നും വിദ്യാഭ്യാമന്ത്രി വിശദമാക്കി.സ്കൂൾ പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് “ഇന്ത്യ’ എന്നതിനു പകരം “ഭാരത്’ എന്നാക്കണമെന്ന ശിപാർശയുമായി എൻസിഇആർടിയുടെ ഉന്നതതല ഉപദേശക സമിതിയാണ് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിനായി രൂപീകരിച്ച എൻസിഇആർടിയുടെ സാമൂഹിക ശാസ്ത്ര ഉന്നതതല സമിതിയുടെ ചെയർമാൻ സി.ഐ. ഐസക്കാണ് നിർദേശം മുന്നോട്ടുവച്ചത്.പ്രാചീന ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് പുനഃർനാമകരണം ചെയ്യണമെന്നും ഭാരതത്തിന്റെ പുരാതന ജ്ഞാനസ്രോതസുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്റ്റം – ഐകെഎസ്) സിലബിസിന്റെ ഭാഗമാക്കണമെന്നും സമിതി ശിപാർശ ചെയ്തു.ഭാരതം എന്നത് തികച്ചും പഴക്കമുള്ള പേരാണെന്നും 7,000 വർഷം പഴക്കമുള്ള വിഷ്ണുപുരാണം പോലെയുള്ള പുരാതന ഗ്രന്ഥങ്ങളിൽ ഉൾപ്പെടെ ഭാരതം എന്ന പേര് ഉപയോഗിച്ചിട്ടുണ്ടെന്നും സി.ഐ. ഐസക് പറഞ്ഞു.
പിൽക്കാലങ്ങളിൽ നടന്ന പോരാട്ടങ്ങളിൽ ഹിന്ദു രാജാക്കന്മാർ നേടിയ വിജയങ്ങൾ ഉയർത്തിക്കാട്ടുന്നതിന് കമ്മിറ്റി ശിപാർശ ചെയ്തതായും ഇന്ത്യൻ കൗണ്സിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് അംഗം കൂടിയായ ഐസക് കൂട്ടിച്ചേർത്തു.എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണം നടത്താൻ സമയമായിട്ടില്ലെന്നാണ് എൻസിആർടിയുടെ പ്രതികരണം. സമിതിയുടെ ശിപാർശകളിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് എൻസിആർടി ചെയർമാൻ ദിനേശ് സ്കലാനി പറഞ്ഞത്. ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതമായി സ്കൂൾ പാഠപുസ്തകങ്ങളുടെ സിലബസ് പരിഷ്കരിക്കുന്നതിന് എൻസിഇആർടി തീരുമാനിച്ചിരുന്നു. ഇതിനായി നാഷണൽ സിലബസ് ആൻഡ് ടീച്ചിംഗ്, ലേണിംഗ് മെറ്റീരിയൽ (എൻഎസ്ടിസി) എന്ന പേരിൽ 19 അംഗ സമിതിയെയും എൻസിഇആർടി നിയോഗിച്ചിരുന്നു.