തിരുവനന്തപുരം : ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച കത്തോലിക്കാ സഭയുടെ സ്വത്തുക്കളെ കുറിച്ചുള്ള ലേഖനത്തെ വിമര്‍മശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. മുസ്ലിം ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലന് ശേഷം കതോലിക്കാ സഭയെ ഉന്നംവെച്ച് സംഘപരിവാര്‍ നീങ്ങുന്നു എന്നതിന്റെ പ്രകടമായ സൂചനയാണ് ലേഖനം എന്ന് മുഖ്യമന്ത്രി പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
സഭയുടെ സ്വത്തിനെക്കുറിച്ച് അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം ചില വിപല്‍ സൂചനകളാണു തരുന്നത്. ഓര്‍ഗനൈസര്‍ വെബ്സൈറ്റില്‍ നിന്ന് ആ ലേഖനം പിന്‍വലിച്ചുവെങ്കിലും അതിലൂടെ പുറത്തുവന്നിട്ടുള്ളത് ആര്‍എസ്എസിന്റെ യഥാര്‍ത്ഥ മനസ്സിലിരിപ്പാണ്. സംഘപരിവാര്‍ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തില്‍ കാണാന്‍ കഴിയുന്നത്.
ന്യൂനപക്ഷ വിഭാഗങ്ങളെ ഓരോന്നോരോന്നായി ലക്ഷ്യംവെച്ച് പടിപടിയായി തകര്‍ക്കാനുള്ള ഒരു ബൃഹത് പദ്ധതിയുടെ ഭാഗമായി വേണം ഇതിനെ കാണാന്‍. പുരോഗമന ജനാധിപത്യ മതനിരപേക്ഷ പ്രസ്ഥാനങ്ങള്‍ സംയുക്തമായി നിന്ന് ഇതിനെ ചെറുക്കണം എന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി കൈവശം വയക്കുന്നവരില്‍ കത്തോലിക്കാ സഭ മുന്നിലാണെന്ന് ചൂണ്ടിക്കാട്ടുന്നതായിരുന്നു ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിലെ പരാമര്‍ശം. ആരാണ് ഇന്ത്യയില്‍ കൂടുതല്‍ ഭൂമി കൈവശം വച്ചിരിക്കുന്നത് എന്ന പേരിലാണ് വിവാദ പരാമര്‍ശങ്ങളുള്ള ലേഖനം. എന്നാല്‍ പരാമര്‍ശങ്ങളില്‍ മാധ്യമ ശ്രദ്ധ പതിഞ്ഞതിന് പിന്നാലെ ഓര്‍ഗനൈസര്‍ ലേഖനം വെബ്സൈറ്റില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. ഏപ്രില്‍ മൂന്നിനാണ് ഓര്‍ഗനൈസറില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളം വിശാലമായ ഭൂമി കൈവശം വച്ചിരിക്കുന്ന ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമ കാത്തലിക് ചര്‍ച്ച് ഓഫ് ഇന്ത്യയാണെന്നായിരുന്നു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഭൂവുടമ വഖഫ് ബോര്‍ഡാണെന്ന വിശ്വാസം നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ ശ്രദ്ധേയമാകുന്നത് എന്നും ലേഖനം പറയുന്നു.