ശിവഗിരി : ലോകത്ത് മതവിദ്വേഷം അവസാനിപ്പിക്കാനുള്ള ഒറ്രമൂലിയാണ് ശ്രീനാരായണഗുരു സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുസന്ദേശത്തിന്റെ വെളിച്ചം എത്തിയിരുന്നെങ്കിൽ പാലസ്തീൻ മണ്ണിൽ ചോരപ്പുഴ ഒഴുകുമായിരുന്നില്ല.
91-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നരനും നരനും തമ്മിൽ സാഹോദര്യമുദിക്കണം. അതിന് വിഘ്നമായതെല്ലാം ഇല്ലാതാകണം എന്ന ഗുരുതത്വം ലോകമെങ്ങുമെത്തണം.
പാലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് പ്രത്യേക വിഭാഗത്തിനെതിരായ അക്രമമല്ല. അത് മനുഷ്യത്വത്തിനെതിരെയാണ്. യേശുക്രിസ്തു ജനിച്ച ബത്ലഹേമിൽ ഇക്കുറി ക്രിസ്മസ് ആഘോഷം ഉണ്ടായിരുന്നില്ല. നക്ഷത്രങ്ങളോ അലങ്കാര വിളക്കുകളോ കണ്ടില്ല. പുൽക്കൂട് വേണ്ടിടത്ത് തകർന്നടിഞ്ഞ കെട്ടിടങ്ങളാണ്. ഉണ്ണിയേശുവിന്റെ രൂപം കിടക്കേണ്ടിടത്ത് പിഞ്ചുകുഞ്ഞുങ്ങളുടെ ചോരപുരണ്ട ശരീരങ്ങളാണ്. ഗുരു സന്ദേശങ്ങളുടെ പ്രസക്തിയും പ്രാധാന്യവും ആവർത്തിച്ചുറപ്പിക്കുന്ന സംഭവങ്ങളാണിത്. ലോകത്ത് വംശവിദ്വേഷത്തിന്റെ കലാപത്തീ വ്യാപിക്കുന്നു. അതു ചെറുക്കാൻ കാലാതീതമായ ഗുരുദർശനം ദേശാതീതമായി എല്ലായിടവും എത്തണം.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്ര് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മന്ത്രി വി.എൻ.വാസവൻ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, രമേശ് ചെന്നിത്തല എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളായി. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്.സോമനാഥ്, വി.ജോയി എം.എൽ.എ, വർക്കല നഗരസഭാ ചെയർമാൻ കെ.എം.ലാജി, റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ഒഫ് ഇന്ത്യ ചെയർമാൻ പി.കെ.കൃഷ്ണദാസ്, മുൻ എം.എൽ.എ വർക്കല കഹാർ, യു.എ.ഇ ഗുരുധർമ്മ പ്രചരണസഭ മുഖ്യ രക്ഷാധികാരി ഡോ.കെ.സുധാകരൻ, യു.എ.ഇ സേവനം ചീഫ് കോ-ഓർഡിനേറ്റർ അമ്പലത്തറ രാജൻ, കോൺഫെഡറേഷൻ ഒഫ് ശ്രീനാരായണഗുരു ഓർഗനൈസേഷൻസ് ചെയർമാൻ കെ.കെ. ശശിധരൻ, തീർത്ഥാടനക്കമ്മിറ്റി ചെയർമാൻ കെ.ജി.ബാബുരാജ്, സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, സ്വാമി അവ്യയാനന്ദ തുടങ്ങിയവർ പങ്കെടുത്തു.
സ്വാമി അവ്യയാനന്ദ രചിച്ച ‘ശിവഗിരി നമ്മുടെ പുണ്യതീർത്ഥം’ എന്ന ഗ്രന്ഥം ഡോ.എസ്.സോമനാഥന് നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ശിവഗിരി എയ്ഡഡ് സ്കൂൾസ് കോർപ്പറേറ്റ് മാനേജർ സ്വാമി വിശാലാനന്ദ നന്ദിയും പറഞ്ഞു.