റായ്പുർ: രഞ്ജി ട്രോഫിയിൽ കേരളവും ഛത്തീസ്ഗഡും തമ്മിലുള്ള മത്സരം സമനിലയിൽ പിരിഞ്ഞു. രണ്ടാം ഇന്നിംഗ്സില്‍ കേരളം അഞ്ചിന് 251 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 290 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് ആരംഭിച്ച ആതിഥേയർ ഒരുവിക്കറ്റ് നഷ്ടത്തിൽ 79 റൺസ് എന്ന നിലയിൽ നില്‍ക്കേയാണ് മത്സരം സമനിലയിലായത്.
39 റൺസുമായി ഋഷഭ് തിവാരിയും 25 റൺസുമായി അശുതോഷ് സിംഗും പുറത്താകാതെ നിന്നു.14 റൺസെടുത്ത ശശാങ്ക് ചന്ദ്രാകറിന്റെ വിക്കറ്റാണ് ആതിഥേയർക്ക് നഷ്ടമായത്. ഒന്നാം ഇന്നിംഗ്സില്‍ കേരളത്തിന്റെ 350 റൺസിനെതിരേ ഛത്തീസ്ഗഡ് 312ന് പുറത്തായിരുന്നു. നേരത്തെ, രണ്ടുവിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിൽ നാലാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന് വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സായിരുന്നു വിഷ്ണുവിന്റെ സമ്പാദ്യം.
അഞ്ചാമനായെത്തിയ നായകൻ സഞ്ജു സാംസണ് രണ്ട് ഫോറും ഒരു സിക്സും അടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും അജയ് മണ്ഡലിന്റെ പന്തിൽ ശശാങ്ക് ചന്ദ്രാകറിനു പിടികൊടുത്തു മടങ്ങി. 24 റൺസായിരുന്നു സഞ്ജുവിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിൽ ഒന്നിച്ച സച്ചിന് ബേബി – മുഹമ്മദ് അസറുദ്ദീന് സഖ്യം സ്കോർ ഉയർത്തി. ഇരുവരും ചേർന്ന് 102 റണ്‍സ് കൂട്ടിച്ചേർത്തു. എന്നാല്‍ വ്യക്തിഗത സ്കോര്‍ 94ല്‍ നില്‍ക്കെ സച്ചിന് പുറത്തായി. സെഞ്ചുറിയിലേക്ക് കുതിച്ച താരത്തെ ഋഷഭ് തിവാരി റണ്ണൗട്ടാക്കുകയായിരുന്നു. പിന്നാലെ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. മുഹമ്മദ് അസറുദ്ദീൻ 50 റൺസുമായി പുറത്താകാതെ നിന്നു.
മത്സരം സമനിലയിലായെങ്കിലും ആദ്യ ഇന്നിംഗ്സിൽ ലീഡ് നേടിയതോടെ കേരളത്തിന് മൂന്നു പോയിന്റ് ലഭിക്കും. ഛത്തീസ്ഗഡിന് ഒരു പോയിന്റാണ് ലഭിക്കുക. എലൈറ്റ് ഗ്രൂപ്പ് ബിയിൽ അഞ്ചു മത്സരത്തിൽ നാലു സമനിലയും ഒരു തോൽവിയുമുൾപ്പെടെ എട്ട് പോയിന്റാണ് കേരളത്തിനുള്ളത്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന അടുത്ത മത്സരത്തിൽ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ.