ഇനി കേരള വേണ്ട, കേരളം മതി…ഔദ്യോഗിക രേഖകളിലെ പേര് തിരുത്താനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് ചാരിതാർഥ്യം.രണ്ടു വർഷം മുൻപ് ഏഷ്യാനെറ്റ് ന്യൂസ് ഏറ്റെടുത്ത മുഴങ്ങട്ടെ കേരളം ക്യാമ്പയിന്റെ അന്തസത്ത ഉൾക്കൊണ്ടു കൊണ്ടാണ് ഔദ്യോഗിക രേഖകളിലെ പേര് മാറ്റത്തിന് സംസ്ഥാന സർക്കാർ ചുവടുകൾ നീക്കുന്നത്. സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയതിലൂടെ ഇനി ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.
ദേശീയ സ്വാതന്ത്ര പ്രക്ഷോഭകാലം മുതൽക്കേ ശക്തമായി ഉയർന്നു വന്ന ആശയമായിരുന്നു ഐക്യ കേരളം എന്നത്. ഐക്യകേരളം എന്നത് യാഥാർഥ്യമായപ്പോഴും ഭരണഘടനയുടെ ഒന്നാം പട്ടിക അടക്കമുള്ള ഔദ്യോഗിക രേഖകളിൽ സംസ്ഥാനത്തിന്റെ പേര് കേരള എന്നായി തുടർന്നു . ഈ ഒരു അന്തരം ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് മുഴങ്ങട്ടെ കേരളം ക്യാമ്പയിൻ ചിട്ടപ്പെടുത്തിയത്.
ഒരാഴ്ച നീണ്ടുനിന്ന ക്യാമ്പയിനിൽ നിലവിലെ കേരള സാഹിത്യ അക്കാദമി ചെയർമാൻ എം സച്ചിദാനന്ദൻ, പ്രൊഫ.എൻ.എം കാരശ്ശേരി, നടൻ സുരേഷ്ഗോപി എന്നിവരടക്കം സമൂഹത്തിലെ വിവിധമേഖലകളിൽ നിന്നുള്ളവർ അഭിപ്രായങ്ങൾ പങ്കിട്ടു. ഞാൻ ഡൽഹിയിലേക്ക് വന്നതും ഇനി മടങ്ങാൻ ഇരിക്കുന്നതും കേരളയിൽ നിന്നല്ല കേരളത്തിൽ നിന്നാണെന്നാണ് സച്ചിദാനന്ദൻ പറഞ്ഞുവെച്ചത് ഒരു നാടിന്റെ ആകെ വികാരം ഉൾക്കൊണ്ടുകൊണ്ടാണ്.
ഒരാഴ്ചത്തെ പ്രചാരണത്തിന് ശേഷം 2021 നവംബർ ഒന്നിന് രാവിലെ വിപുലമായ ചർച്ചയും ഏഷ്യാനെറ്റ് സംഘടിപ്പിച്ചു. സാംസ്ക്കാരിക മന്ത്രി സജി ചെറിയാൻ, അന്നത്തെ സ്പീക്കർ എം.ബി രാജേഷ് എന്നിവരും ക്യാമ്പയിനെ അനുകൂലിച്ചത് ഏഷ്യാനെറ്റ് കാട്ടിയ വഴിയിലൂടെ സർക്കാരും സഞ്ചാരം ആരംഭിക്കുന്നു എന്നതിന്റെ സൂചകവുമായി. ആ സൂചനകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തിലൂടെ യാഥാർഥ്യത്തിലേക്കുള്ള പ്രയാണം ആരംഭിച്ചിരിക്കുന്നത്.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിന് കീഴിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം എല്ലാ ഔദ്യോഗിക ഭാഷകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് ആവശ്യമായ ഭേദഗതികൾ വരുത്താനാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്രാനുമതി ലഭിക്കുന്നതോടെ സർക്കാർ രേഖകളിലടക്കം കേരളം എന്ന നാമം ഉപയോഗത്തിൽ വരും. ഭരണഘടനയിലും ഔദ്യോഗികമായി മലയാളത്തിലും ഇംഗ്ളീഷിലുമുള്ള എഴുത്തിലും ഈ മാറ്റം പ്രകടമാകും.
കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടിയുളള ബില്ല് പാർലമെന്റിൽ പാസായാൽ മാത്രമേ ഭേദഗതി നടപ്പിലാക്കാൻ സാധിക്കുകയുളളൂ. ഇത്തരത്തിലുളള വിവിധ സംഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്. 2011ൽ ഒഡീഷയിലാണ് ഏറ്റവും അവസാനമായി ഔദ്യോഗികമായി സംസ്ഥാനത്തിന്റെ പേര് മാറ്റിയത്. നയപരമായ തീരുമാനമാണ് ഇക്കാര്യത്തിൽ ഉണ്ടാകേണ്ടത്. തീരുമാനം അനുകൂലമായാൽ മുഴങ്ങട്ടെ കേരളം എന്ന ഏഷ്യാനെറ്റ് ദിശാബോധമുള്ള ക്യാമ്പയിന്റെയും കൂടി സമ്പൂർണ വിജയമാകുമത്.