ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി ഐഎഎസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാര്‍, സുഖ് ബീര്‍ സിങ് സന്ധു എന്നിവരെ നിയമിക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. കമ്മീഷണര്‍മാരായി നിയമിക്കാനുള്ള ഉന്നതതല സമിതിയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എറണാകുളം കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കേന്ദ്രസര്‍വീസിലാണ് ഗ്യാനേഷ് കുമാര്‍ ജോലി നോക്കുന്നത്. പാര്‍ലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്.ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു സുഖ് ബീര്‍ സിങ് സന്ധു. പഞ്ചാബ് സ്വദേശിയാണ്. തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ അനൂപ് ചന്ദ്ര പാണ്ഡെ, അരുണ്‍ ഗോയല്‍ എന്നിവരുടെ ഒഴിവിലേക്കാണ് പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കുന്നത്.
ഇരുവരെയും നിയമിക്കാനുള്ള തീരുമാനത്തിന് ഉന്നതാധികാര സമിതി ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയായിരുന്നു. എന്നാല്‍ ഇവരുടെ നിയമനത്തെ താന്‍ എതിര്‍ത്തുവെന്നും, വിയോജനക്കുറിപ്പ് നല്‍കിയെന്നും ഉന്നതല സമിതിയില്‍ അംഗമായ കോണ്‍ഗ്രസ് നേതാവും ലോക്സഭയിലെ പ്രതിപക്ഷ നേതാവുമായ അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി അമിത് ഷാ എന്നിവരാണ് അധീര്‍ രഞ്ജന്‍ ചൗധരിക്ക് പുറമെ സമിതി യോഗത്തില്‍ പങ്കെടുത്തത്. തിടുക്കത്തിലാണ് തീരുമാനമെടുത്തതെന്നും, ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയപ്പോള്‍ 212 ഉദ്യോഗസ്ഥരുടെ പട്ടികയാണ് നല്‍കിയതെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.