തിരുവനന്തപുരം : ഓണവിപണി ലക്ഷ്യമിട്ടു കേരളം 2,000 കോടി രൂപ കൂടി കടമെടുക്കുന്നു. 22ന് റിസർവ് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. 22നു തുക കേരളത്തിന്റെ ഖജനാവിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഓണത്തിനായി കഴിഞ്ഞ തിങ്കളാഴ്ച 1,000 കോടി രൂപ കടമെടുത്തതിനു പിന്നാലെയാണ് 2,000 കോടി രൂപ കൂടി കടമെടുക്കുന്നത്. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഓണം ബോണസും അഡ്വാൻസും നൽകുന്നതിനായാണ് തുക പ്രധാനമായി വിനിയോഗിക്കുക. കൂടാതെ കയർ, കശുവണ്ടി അടക്കമുള്ള പരാന്പരാഗത തൊഴിലാളികൾക്കു ബോണസും അഡ്വാൻസും നൽകാനും തുക വിനിയോഗിക്കും.
ഓണത്തിന്റെ ഭാഗമായി ബോണസും അഡ്വാൻസും നൽകിയാൽ വിപണിയിലെത്തുന്ന തുക അടുത്ത മാസങ്ങളിൽ ചരക്കു സേവന നികുതി ഇനത്തിലും പെട്രോൾ, ഡീസൽ നികുതിയും സെസും ഇനത്തിലും മദ്യത്തിന്റെ വിൽപന നികുതി ഇനത്തിൽ സംസ്ഥാന ഖജനാവിൽ മടങ്ങിയെത്തുമെന്നാണു കരുതുന്നത്. ഇപ്പോൾ 2,000 കോടി കൂടി കടമെടുക്കുന്പോൾ, സംസ്ഥാനത്തിന് ഈ വർഷം അനുവദിച്ച കടമെടുപ്പു പരിധി പിന്നിടും. കടമെടുക്കാനുള്ള പരിധി കേന്ദ്രം ഉയർത്തുമെന്ന പ്രതീക്ഷയിലാണ് കൂടുതൽ തുക കടമെടുക്കുന്നത്.