കൊച്ചി : നായകൻ അഡ്രിയാൻ ലൂണയുടെ മാന്ത്രിക ഗോളിൽ ജംഷഡ്പൂരിനെയും വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സിന്റെ കുതിപ്പ്. ആദ്യ മത്സരത്തിൽ ബംഗളൂരു എഫ്.സിയെ തകർത്ത മഞ്ഞപ്പട മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇന്ന് ജംഷഡ്പൂരിനെ തോൽപിച്ചത്.
74-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏക ഗോൾ പിറന്നത്. ബ്ലാസ്റ്റേഴ്സിന്റെ ജാപ്പനീസ് മധ്യനിര താരം ഡൈസുകെ സകായ് ലൂണയ്ക്കു അടിച്ചുനൽകിയ പന്ത് നായകൻ ബോക്സിന്റെ മധ്യത്തിൽ ഡയമന്റകോസിനു തട്ടിനൽകി. ജംഷഡ്പൂർ പ്രതിരോധം തുരന്നു മനോഹരമായൊരു ഫ്ളിക്കിലൂടെ കോർണറിന്റെ ഒരറ്റത്തേക്ക് കുതിച്ചെത്തിയ ലൂണയ്ക്കു തന്നെ ഡയമന്റകോസ് പന്ത് തിരിച്ചുനൽകി. ഒട്ടും വൈകാതെ ലൂണയുടെ മനോഹരമായൊരു ഫിനിഷിലൂടെ പന്ത് വലയിലാക്കുകയും ചെയ്തു.
62-ാം മിനിറ്റിൽ ക്വാമി പെപ്രയ്ക്കു പകരം സൂപ്പർ താരം ദിമിത്രിയോസ് ഡയമന്റകോസ് കളത്തിലിറങ്ങിയതോടെ ആതിഥേയനിര ഒന്നുകൂടി ഉണർന്നു. മൈതാനത്തെത്തി മിനിറ്റുകൾക്കകം തന്നെ ജംഷഡ്പൂർ ബോക്സിനു തൊട്ടടുത്തുവരെ നിരവധി എത്തിയ നിരവധി നീക്കങ്ങളാണ് ഡയമന്റകോസ് നടത്തിയത്. 71-ാം മിനിറ്റിൽ മികച്ചൊരു ഗോൾ അവസരം ബ്ലാസ്റ്റേഴ്സിന്റെ ഐമന്റെ മുൻപിൽ തുറന്നുലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. ഒടുവിൽ 74-ാം മിനിറ്റിൽ ആ മാന്ത്രികഗോളും പിറന്നു.
കലൂർ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു. പല ഘട്ടങ്ങളിലും ഗാലറിയില് ആരവമുണര്ത്തിയ നീക്കങ്ങൾ കണ്ടെങ്കിലും ഇരുഭാഗത്തും ഗോൾമാത്രം അകന്നുനിന്നു. ബോക്സിനടുത്തുവരെ എത്തിയ മിക്ക നീക്കങ്ങളും ഇരുടീമിന്റെയും പ്രതിരോധത്തിൽ തട്ടിത്തകരുകയായിരുന്നു.
13-ാം മിനിറ്റിൽ തന്നെ മത്സരത്തിനിടയിൽ സൂപ്പർതാരം ഇമ്രാൻ ഖാൻ പരിക്കേറ്റു പുറത്തായത് ജംഷഡ്പൂരിനു തിരിച്ചടിയായി. 37-ാം മിനിറ്റിൽ ജംഷഡ്പൂർ മധ്യനിര താരം സീമിൻലെൻ ഡോംഗൽ മഞ്ഞക്കാർഡും കണ്ടു. ലൂണ ഫ്രീകിക്ക് എടുക്കുന്നതു തടസപ്പെടുത്താൻ ശ്രമിച്ചതിനായിരുന്നു ശിക്ഷ.