കൊച്ചി: ഐഎസ്എല്ലിൽ ചെന്നൈയിൻ എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചിയിൽ നടന്ന മത്സരത്തിൽ 3-3നാണ് സമനിലയിൽ കലാശിച്ചത്. ചെന്നൈയിൻ എഫ്സിയുടെ മുന്നേറ്റത്തോടെ തുടങ്ങിയ മത്സരത്തിൽ പലതവണ പിന്നിൽ പോയിട്ടും വീറോടെ പോരാടിയാണ് ബ്ലാസ്റ്റേഴ്സ് സമനില പിടിച്ചത്.
ആദ്യ മിനിറ്റിൽ തന്നെ ചെന്നൈ റഹീം അലിയിലൂടെ ലീഡ് നേടി. 11-ാം മിനിറ്റിൽ ദിമിത്രിയോസ് പെനാൽറ്റിയിലൂടെ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. 13-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ബ്ലാസ്റ്റേഴ്സിന്റെ പോസ്റ്റിലെത്തിച്ച് ജോർദ്ദാൻ മുറെ ചെന്നൈയുടെ ലീഡ് വീണ്ടും ഉയർത്തി. 24-ാം മിനിറ്റിൽ മുറെ വീണ്ടും കേരളത്തെ ഞെട്ടിച്ച് ലീഡ് 1-3 ആയി ഉയർത്തി. ചെന്നൈ മൂന്ന് ഗോളുകൾ നേടിയതോടെ കേരളം ഉണർന്നു കളിച്ചു. 38-ാം മിനിറ്റിൽ പെപ്ര കേരളത്തിനായി രണ്ടാം ഗോൾ നേടി. 59-ാം മിനിറ്റിലാണ് കേരളത്തിന്റെ സമനില ഗോൾ പിറന്നത്. ദിമിത്രിയോസാണ് സമനില ഗോളും നേടിയത്. തുടർന്ന് ജയത്തിനുള്ള പോരാട്ടമാണ് കളിക്കളത്തിൽ കണ്ടത്. ഗോളാക്കാൻ സാധിക്കുന്ന നിരവധി അവസരങ്ങൾ ബ്ലാസ്റ്റേഴ്സിനെ തേടിയെത്തിയെങ്കിലും പാഴാക്കി. സമനിലയോടെ 17 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേയ്ക്ക് മടങ്ങിയെത്തി.